കൊലപാതകം നടന്ന ദിനത്തിലെ സംഭവങ്ങൾ പോലീസ് വീണ്ടും വിശകലനം ചെയ്തു. അന്നു വീട്ടിലെത്തിയ പോലീസിനോട്, പ്രതി ഹേം രാജാണെന്നും അവൻ നേപ്പാളിലേക്കു രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നും രാജേഷ് ആവർത്തിച്ചു പറഞ്ഞതും ഹേംരാജിനെ പിടിക്കാൻ പോലീസിന് ഉടനടി 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതും അസ്വാഭാവിക ഇടപെടലാണെന്നു പോലീസ് വിലയിരുത്തി.
ഇതോടെ പോലീസ് മാതാപിതാക്കളെ കേന്ദ്രീകരിച്ചു അന്വേഷണം ശക്തിപ്പെടുത്തി. രാത്രിയിൽ അരുതാത്ത സാഹചര്യത്തിൽ ആരുഷിയെയും ഹേം രാജിനെയും കണ്ടതിനെത്തുടർന്നു പിതാവ് കൊലപാതകം നടത്തുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന നിഗമനത്തിലേക്കു പോലീസ് എത്തി.
ആരുഷിയെയും ഹേം രാജിനെയും ടെറസിൽ ഒരുമിച്ചു കണ്ട മാതാപിതാക്കൾ ദേഷ്യത്തിൽ ഇരുവരെയും അവിടെ വച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് സംശയിച്ചു.
രാജേഷ് ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചുള്ള ഡ്രൈവർ ഉമേഷിന്റെ മൊഴിയും പോലീസിന്റെ ഈ സംശയത്തെ ബലപ്പെടുത്തി. തലേദിവസം കാറിന്റെ താക്കോൽ രാജേഷിനെ ഏൽപ്പിക്കുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ തന്നെയായിരുന്നു പിറ്റേ ദിവസം താൻ കാണുമ്പോഴും രാജേഷ് ധരിച്ചിരുന്നതെന്നായിരുന്നു ഉമേഷിന്റെ മൊഴി.
രാജേഷിനെയും നൂപുറിനെയും രാവിലെ കണ്ട വേലക്കാരിയായ ഭാരതിയുടെ മൊഴിയുമായി ഇതു പൊരുത്തപ്പെടുന്നതായിരുന്നു. രാവിലെ കാണുമ്പോൾ, രാജേഷ് ചുവപ്പു നിറത്തിലുള്ള ഒരു ടീ ഷർട്ടും ട്രൗസറും ആണ് ധരിച്ചിരുന്നതെന്നായിരുന്നു ഭാരതിയുടെ മൊഴി.
രക്തക്കറ
രാജേഷിന്റെ വസ്ത്രങ്ങളിൽ ആരുഷിയുടെ രക്തക്കറ മാത്രമാണുണ്ടായിരുന്നത്. ഹേം രാജിന്റെ രക്തത്തിന്റെ പാടുകൾ ഒന്നും രാജേഷിന്റെ വസ്ത്രങ്ങളിൽനിന്നു പോലീസിനു കണ്ടെത്താനായില്ല.
കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനോ സാഹചര്യത്തെളിവുകൾ കൂട്ടിയിണക്കാനോ ഫോറൻസിക് പരിശോധന ശാസ്ത്രീയമായി നടത്താനോ പോലീസിനു സാധിച്ചിരുന്നില്ല.
ഇതോടെ പോലീസ് കേസിൽ തങ്ങളെ കുടുക്കുകയായിരുന്നെന്ന് ആരോപിച്ചു രാജേഷും നൂപുറും രംഗത്തെത്തി. പോലീസിന്റെ അന്വേഷണത്തിൽ അപാകതയെന്ന് ആരോപണം വന്നതോടെ കേസ് സിബിഐയെ ഏൽപ്പിച്ചു.
എന്നാൽ, വേണ്ടത്ര തെളിവുകളുടെ അഭാവത്തിൽ സിബിഐയുടെ ആദ്യസംഘം ഈ കേസന്വേഷണം അവസാനിപ്പിച്ചു. പകരം സിബിഐയുടെതന്നെ മറ്റൊരു സംഘത്തിന് അന്വേഷണ ചുമതല നൽകി.
മാതാപിതാക്കൾ പിടിയിൽ
പുതിയ സംഘവും കൊലപാതകത്തിൽ മാതാപിതാക്കളുടെ പങ്കിലേക്കാണ് വിരൽ ചൂണ്ടിയത്. എന്നാൽ, തെളിവുകൾ ആവശ്യത്തിനില്ലെന്നു പറഞ്ഞ് അറസ്റ്റിനു മുതിർന്നില്ല. എന്നാൽ, സിബിഐയുടെ റിപ്പോർട്ട് പരിശോധിച്ച കോടതി ആരുഷിയുടെ മാതാപിതാക്കളായ രാജേഷിനെയും നൂപുറിനെയും അറസ്റ്റ് ചെയ്യാൻ വേണ്ട തെളിവുകൾ റിപ്പോർട്ടിലുണ്ടെന്നു ചൂണ്ടിക്കാട്ടി.
ഇതോടെ സിബിഐ ആരുഷിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കു ശേഷം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302(കൊലപാതകം), 201(തെളിവ് നശിപ്പിക്കൽ), 203 (തെറ്റായ വിവരം നൽകൽ) എന്നീ വകുപ്പുകൾ ചുമത്തി രാജേഷിനെയും നൂപുറിനെയും ജീവപര്യന്തം തടവിന് ഗാസിയാബാദ് കോടതി ശിക്ഷിച്ചു.
എന്നാൽ, നാലു വർഷത്തെ ജയിൽവാസത്തിനു ശേഷം 2017 ഒക്ടോബർ 16ന് തെളിവുകളുടെ അഭാവത്തിൽ മേൽക്കോടതി തൽവാർ ദമ്പതികളെ ജയിൽ മോചിതരാക്കി.
സിബിഐ ഹാജരാക്കിയ തെളിവുകൾകൊണ്ട് കൊലപാതകം നടത്തിയതു തൽവാർ ദമ്പതികളാണെന്നു തെളിയുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
തെളിവുകളുടെ അഭാവത്താൽ, തൽവാർ ദമ്പതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുന്നുവെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഈ വിധിയിൽ ഹൈക്കോടതി സിബിഐ സംഘത്തെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു.
അവസാനിക്കാത്ത അന്വേഷണം
സിബിഐയുടെ ആദ്യത്തെ അന്വേഷണ സംഘം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിലെ കന്പൗണ്ടർ കൃഷ്ണ, പരിസരത്തെ രണ്ടു വീട്ടുജോലിക്കാരായ രാജ് കുമാർ, വിജയ് മണ്ഡൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പക്ഷേ, തെളിവുകൾ കൂട്ടിയിണക്കി കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്കു കഴിഞ്ഞില്ല. ഇതോടെ മൂന്നു പേരും പുറത്തുവന്നു. കേസ് അന്തിമമായി അവസാനിച്ചുവെന്ന് ഇപ്പോഴും പറയാറായിട്ടില്ല.
ദുരൂഹതകളുടെ കൂടായി മാറിയ ആരുഷി- ഹേം രാജ് ഇരട്ടക്കൊലപാതകം ബോളിവുഡിൽ രണ്ടു സിനിമകൾക്കും പ്രമേയമായി. 2015 ഒക്ടോബറിലും ഡിസംബറിലുമായി റിലീസ് ചെയ്ത തൽവാർ, രഹസ്യ എന്നിവ. രാജേഷിനെ പ്രതിസ്ഥാനത്തു നിർത്തുന്ന ചിത്രമായിരുന്നു രഹസ്യ.