വയനാട്: കരാര്‍ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെടുകയും യുവതിയോട് അപമര്യാദയായി സംസാരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി.
കാരാപ്പുഴ ഫിഷറീസ് ഓഫിസറായിരുന്ന സുജിത്ത് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
മന്ത്രി വി.അബ്ദുറഹിമാന്റെ നിര്‍ദേശപ്രകാരമാണ് സസ്പെന്ഷന്. നിയമനത്തിനു പണവും പാരിതോഷികവും ആവശ്യപ്പെടുന്ന സുജിത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ജോലി നിഷേധിക്കപ്പെട്ടതിനെതുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്നാണ് വിവരം.
നേരത്തെ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്ററായി കാരാപ്പുഴ മത്സ്യഭവനില്‍ യുവതി ജോലി ചെയ്തിരുന്നു.
ഈ തസ്തികയില്‍ വീണ്ടും നിയമനം നല്‍കാനാണ് കൈക്കൂലി ആവശ്യപ്പെടുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്തത്.
ഇവര്‍ പോലീസില്‍ പരാതി നല്‍കിയതോടെ യുവതിയുടെ പേരുണ്ടായിരുന്ന റാങ്ക് പട്ടിക പിന്‍വലിച്ച് മറ്റൊന്ന് പ്രസിദ്ധീകരിച്ചെന്നാണ് പരാതി.
യുവതി നല്കിയ പരാതിയില്‍ മാനന്തവാടി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.