ന്യൂഡൽഹി: രാജ്യത്തെ ക്രിപ്റ്റോകറൻസി ഇടപാടുകാർക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ദേശീയതലത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് 350 കോടി ഡോളറിന്റെ ബിറ്റ്കോയിൻ ഇടപാടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 17 മാസത്തെ കാലയളവിലാണ് ഇത്രയധികം തുകയുടെ ക്രിപ്റ്റോകറൻസി ഇടപാടുകൾ നടന്നിട്ടുള്ളത്.
ടെക്കികളായ യുവനിക്ഷേപകർ, റിയൽ എസ്റ്റേറ്റ് ഇടപാടുകാർ, ജ്വല്ലറികൾ എന്നിവരാണ് ബിറ്റ്കോയിൻ പോലുള്ള വർച്വൽ കറൻസികളിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. മുംബൈ, ഡൽഹി, ബംഗളൂരു, പൂന എന്നിവിടങ്ങളിലെ ഒന്പത് എക്സ്ചേഞ്ചുകളിൽനിന്നാണ് വിവരങ്ങൾ ലഭിച്ചത്.
വിവിധ രാഷ്ട്രങ്ങളിൽ ക്രിപ്റ്റോകറൻസി ഇടപാടുകൾ എങ്ങനെ നിയന്ത്രിക്കണമെന്ന കാര്യത്തിൽ വിഷമിക്കുകയാണ്. മാർച്ചിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ക്രിപ്റ്റോകറൻസി പ്രധാന ചർച്ചാവിഷയമായേക്കും. ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തരുതെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു മുന്നറിയിപ്പു നല്കുന്നുണ്ട്. എങ്കിലും ഇന്ത്യയിൽ പ്രതിമാസം രണ്ടുലക്ഷം പേർ ക്രിപ്റ്റോകറൻസികളിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തിയവരുടെ സ്വത്തുവിവരങ്ങളും നികുതിവിവരങ്ങളുമാണ് ആദായനികുതി വകുപ്പ് ആരാഞ്ഞിരിക്കുന്നത്. പല വർച്വൽ കറൻസി നിക്ഷേപങ്ങളും കണക്കിൽ പെടാത്തതാണെന്ന് കർണാടക ആദായനികുതി വകുപ്പ് ഡയറക്ടർ ജനറൽ ഓഫ് ഇൻവെസ്റ്റിഗേഷൻ ബി.ആർ. ബാലകൃഷ്ണൻ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ കഴിഞ്ഞ വർഷം 1,700 ശതമാനം ഉയർന്ന് 20,000 ഡോളറിന് അടുത്തെത്തിയിരുന്നു. ഇതാണ് നിക്ഷേപകരെ ഇതിലേക്ക് ആകർഷിച്ചത്. എന്നാൽ, കബളിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് ജപ്പാനും ചൈനയും ബിറ്റ്കോയിൻ നിരോധിച്ചിട്ടുണ്ട്. ദക്ഷിണകൊറിയ നിരോധന നടപടികൾ സ്വീകരിച്ചുവരുന്നു. നിരോധനവാർത്തകൾ പുറത്തുവന്നതോടെ ബിറ്റ്കോയിന്റെ മൂല്യത്തിൽ വലിയ ഇടിവുണ്ടായിരുന്നു.