പെരിങ്ങോം: സിപിഎം പെരിങ്ങോം ഏരിയാ കമ്മിറ്റിക്കു കീഴില്‍ നടന്ന ക്രിപ്റ്റോ കറന്‍സി ഇടപാടിനെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യവുമായി ഇഡിക്ക് ബിജെപിയുടെ പരാതി.
കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗംഗാധരന് കാളീശ്വരമാണ് ഇന്നലെ ഉച്ചയോടെ പരാതി നല്‍കിയത്.
ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ പത്ത് കോടി രൂപയുമായി ബന്ധപ്പെട്ട് സിപിഎമ്മുകാരും ഘടകകക്ഷി നേതാവിന്റെ മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ നേതാവിന്റെ മകനുണ്ടായ വാഹനാപകടം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് ആരോപണമുള്ളതിനാല്‍ ഇക്കാര്യവും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
പ്രതികളില്‍ മൂന്നുപേര്‍ ജോലി ചെയ്യുന്ന സഹകരണ ബാങ്കുകളെ കള്ളപ്പണ ഇടപാടില്‍ ഉപയോഗിക്കുകയും കോടികളുടെ കള്ളപ്പണം ഇതുവഴി നിക്ഷേപിച്ചുവെന്നുമാണ് പുറത്തു വരുന്ന വിവരങ്ങളെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
സ്വര്‍ണക്കടത്ത് കേസിലും സ്വര്‍ണം പൊട്ടിക്കല്‍ കേസിലും പ്രതിയും കാപ്പ ചുമത്തപ്പെട്ടവനുമായ അര്ജുന് ആയങ്കി ഒളിവില്‍ കഴിയവെ പിടിയിലായത് ഈ മേഖലയില്നിന്നായതിനാല് ഇയാളെ സംരക്ഷിച്ച പാര്‍ട്ടി നേതാക്കളുടെ ബന്ധവും അന്വേഷണ വിധേയമാക്കണം.
സിപിഎം പെരിങ്ങോം ഏരിയയില്‍ നേതാക്കളുടെയും പാര്‍ട്ടിയുടെയും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെയും ഭൂമി ഇടപാടുകളുടെയും സാമ്പത്തിക ഉറവിടവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും പരാതിയിലുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കില്‍ പെട്ട പെരിങ്ങോം, പാടിയോട്ടുചാല്‍, ചെറുപുഴ തുടങ്ങിയ മേഖലകളില്‍ സിപിഎം പെരിങ്ങോം ഏരിയാ കമ്മിറ്റിക്കു കീഴില്‍ ക്രിപ്റ്റോ കറന്‍സിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലെ സിപിഎം നടപടി പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കൊരങ്ങാട് സ്വദേശി അഖില്‍ അരമന,പൊന്നംവയലിലെ സി.പി.റാംഷ, തിരുമേനിയിലെ സേവ്യര്‍ പോള്‍,കുപ്പോളിലെ കെ.സാകേഷ് എന്നീ നാലുപേരെ കുറ്റക്കാരെന്നു കണ്ടെത്തുകയും അവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിട്ടുള്ളതാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.