തിരുവല്ല: മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജീവിതം വരച്ചുകാട്ടുന്ന തരത്തിൽ നിർമിച്ച വിശാലമായ ഡോക്കുമെന്ററി ലോകത്തിന് ഒരു മുതൽക്കൂട്ടായി മാറുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജീവിതത്തെ ആസ്പദമാക്കി 48 മണിക്കൂർ ദൈർഘ്യമേറിയ ഡോക്യുമെന്ററിയിലൂടെ ഗിന്നസ് റെക്കോഡ് നേടിയ സംവിധായകൻ ബ്ലെസിയെ ആദരിക്കുന്നതിനായി തിരുവല്ല പൗരാവലിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായി എത്തിയ നടൻ മോഹൻലാൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ പൊന്നാടയണിയിച്ച് ആദരിച്ചു. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, രാജു ഏബ്രഹാം, വീണാ ജോർജ്, മോൻസ് ജോസഫ്, തോമസ് ചാണ്ടി, സജി ചെറിയാൻ, മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, തോമസ് മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, കെ. പി. യോഹന്നാൻ, തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരി, ഇമാം കെ. ജെ. സലിം തുടങ്ങിയവർ പ്രസംഗിച്ചു.
ഗായിക കെ.എസ്. ചിത്ര, എം.ജയചന്ദ്രൻ, സ്റ്റീഫൻ ദേവസി, മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, ഗിന്നസ് പക്രു, സി. ജെ. കുട്ടപ്പൻ, സാനന്ദ് ജോർജ്, ബെന്യാമിൻ, കെ.ആർ. മീര, ഡി.സി. രവി, സതീശ്കുറുപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.