ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ആലത്തൂർ താലൂക്ക് ആശുപത്രിയുടെ ഒരു മൂലയിലിരുന്ന് കുറച്ചു മാറിയുള്ള മോർച്ചറിയിലേക്ക് ഇടയ്ക്കിടെ നോക്കി തോമസ് വിങ്ങിപ്പൊട്ടി.
മകൻ ക്രിസിന്റെ പോസ്റ്റ്മോർട്ടം നടക്കുന്നത് അവിടെയായിരുന്നു. ഹൃദയഭേദകമായ കാഴ്ച.
നാട്ടിൽനിന്നെത്തിയ ജനപ്രതിനിധി മഞ്ജു അനിൽകുമാറിന്റെ ആശ്വാസവാക്കുകൾ വൃഥാവിലായി. മകന്റെ വിയോഗത്തിനു പകരം വയ്ക്കാൻ ആശ്വാസവാക്കുകൾക്കാവില്ലല്ലോ.
മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പോട്ടയിൽ തോമസ്-മേരി ദന്പതികളുടെ വിവാഹം കഴിഞ്ഞ് 10 വർഷത്തിനു ശേഷമാണു മകൻ ക്രിസിന്റെ ജനനം.
ഏകമകനായ ക്രിസിനെ അങ്ങനെ എവിടേക്കും വിടാറില്ല. കൂട്ടുകാരുമൊത്ത് ടൂർ പോകണമെന്ന തുടരെയുള്ള ആവശ്യത്തിനൊടുവിൽ സമ്മതം മൂളുകയായിരുന്നു അവർ. ആ യാത്ര കലാശിച്ചതു ദുരന്തത്തിലും.
കരഞ്ഞ് അവശനാകുന്ന പിതാവിന്റെ വേദന കണ്ടുനിൽക്കാനാകാതെ ആശുപത്രിയിൽ ബന്ധുവിന്റെ കുട്ടിയുടെ ചികിത്സയ്ക്കെത്തിയ നെന്മാറ സ്വദേശിനി പ്രജിത എന്ന യുവതി തോമസിനു മുന്നിലിരുന്ന് സാന്ത്വനിപ്പിക്കുന്നതും കാണാമായിരുന്നു.