സിനിമയിലെ പുരുഷ മേധാവിത്വം അവസാനിപ്പിക്കാന്‍ തുടങ്ങിയ വനിതാ സംഘടനയില്‍ കടുത്ത ഭിന്നത, മഞ്ജുവാര്യര്‍ സംഘടന വിടുന്നു, ലേഡി സൂപ്പര്‍സ്റ്റാറിനെതിരേ വിമര്‍ശനവുമായി റിമയും കൂട്ടരും

സ്വന്തം ലേഖകന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ താരസംഘടനയായ അമ്മ ഒന്നും മിണ്ടിയില്ലെന്ന് ആരോപിച്ച് നടിമാരുടെ നേതൃത്വത്തില്‍ തുടങ്ങിയ കൂട്ടായ്മയാണ് വിമന്‍ കളക്ടീവ് ഇന്‍ സിനിമ. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന 18ഓളം വരുന്ന വനിതകളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കിയിരുന്നതാകട്ടെ മഞ്ജുവാര്യരും. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരായിരുന്നു കൂട്ടായ്മയിലെ പ്രമുഖര്‍. എന്നാല്‍ തുടങ്ങി രണ്ടുമാസം പിന്നിടുംമുമ്പേ ഡബ്യുസിസിയില്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇത്രയുംനാള്‍ മുന്നില്‍നിന്ന് നയിച്ച മഞ്ജുവാര്യരുടെ അപ്രതീക്ഷിത പിന്മാറ്റമാണ് സംഘടനയെ ദുര്‍ബലപ്പെടുത്തിയത്.

ദിലീപ് വിഷയത്തില്‍ കടുത്ത നിലപാടുകളെടുത്ത മഞ്ജു പക്ഷേ രാമലീലയെ പിന്തുണച്ചു രംഗത്തുവന്നിരുന്നു. ഇതു മറ്റു അംഗങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. രാമലീലയെ പിന്തുണയ്ക്കുന്നതുവഴി തെറ്റായ സന്ദേശമാകും കൂട്ടായ്മ നല്കുകയെന്ന വാദമാണ് മറ്റു അംഗങ്ങള്‍ മുന്നോട്ടുവച്ചത്. രാമലീല റിലീസ് ചെയ്യുന്നദിവസം കൊച്ചിയില്‍ വലിയതോതിലുള്ള പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാന്‍ വുമണ്‍ ഇന്‍ കളക്ടീവ് തീരുമാനമെടുത്തിരുന്നു. മഞ്ജു മലക്കം മറിഞ്ഞതോടെ ഈ പരിപാടി ഉപേക്ഷിക്കുകയും ചെയ്തു.

അതേസമയം, മഞ്ജുവിന്റെ പിന്‍മാറ്റത്തിനു മറ്റൊരു കാരണവും പറഞ്ഞു കേള്‍ക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചിലര്‍ ഡബ്ല്യുസിസിയെ ഹൈജാക്ക് ചെയ്‌തെന്ന തോന്നല്‍ മഞ്ജുവിനുണ്ടായി. സ്ത്രീകളെ പോലെ പുരുഷന്മാരും മഞ്ജുവിന്റെ സിനിമയുടെ ആരാധകരാണ്. പുരുഷ വിധ്വേഷികളെന്ന് ലേബല്‍ ചെയ്യപ്പെട്ട ഈ താരങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ തന്റെ പേരിലേക്ക് ചാര്‍ത്തപ്പെട്ടതിലും നടി അസ്വസ്ഥയായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞദിവസം സംവിധായക ഭാര്യയുടെ വീട്ടില്‍ ചേര്‍ന്ന മീറ്റിംഗില്‍ നിന്ന് മഞ്ജു വിട്ടുനില്‍ക്കുകയും ചെയ്തു.

സംഘടനയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് കൊച്ചിയിലെ നടിയും മാധ്യമപ്രവര്‍ത്തകയായ സംവിധായികയാണ്. കൂട്ടായ്മയുടേതായി വരുന്ന ഫേസ്ബുക്ക് പേജുകളില്‍ പലകാര്യങ്ങളും താന്‍ അറിയുന്നത് പോസ്റ്റ് വന്നശേഷമാണെന്ന പരാതി മഞ്ജുവിന് നേരത്തെ തന്നെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കൂട്ടായ്മയോട് വിടപറയാന്‍ അവര്‍ തീരുമാനിച്ചതും. അതേസമയം, മഞ്ജുവിനെ തിരികെ കൊണ്ടുവരാന്‍ അനുനയ നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്.

 

Related posts