മലയാള സിനിമയില്‍ പുരുഷാധിപത്യത്തിന് ബദലായി കൊട്ടിഘോഷിച്ച് തുടങ്ങിയ വുമണ്‍സ് ഇന്‍ കളക്ടീവ് സംഘടനയില്‍ സര്‍വത്ര ആശയക്കുഴപ്പം. മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ സിനിമരംഗത്തു പ്രവര്‍ത്തിക്കുന്ന വനിതകളെ ഒരു കുടക്കീഴില് അണിനിരത്തുന്നതിനു ആരംഭിച്ചതാണ് സംഘടന. എന്നാല്‍ താരസംഘടനയായ അമ്മയുടെ അപ്രഖ്യാപിത നിയന്ത്രണങ്ങളും ചില സൂപ്പര്‍ താരങ്ങളുടെ ഇടപെടലും മൂലം സംഘടനയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. സംഘടനയുടെ ലോഗോ തയാറാക്കിയതും മുഖ്യമന്ത്രിയെ അണിയറക്കാര്‍ സന്ദര്‍ശിച്ചതും ഒഴിച്ചാല്‍ മറ്റു പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് രാഷ്ട്രദീപിക അന്വേഷണത്തില്‍ തെളിഞ്ഞത്. മഞ്ജു വാര്യര്‍, അഞ്ജലി മേനോന്, റിമ കല്ലിങ്കല്‍ തുടങ്ങിയവരായിരുന്നു നേതൃനിരയില്‍ ഉണ്ടായിരുന്നത്. റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവായിരുന്നു സംഘടനയുടെ രൂപീകരണത്തിനായി നേതൃത്വം നല്‍കിയത്.
തുടക്കം ഗംഭീരമായിരുന്നെങ്കിലും സംഘടനയിലേക്ക് പുതിയ മെമ്പര്‍മാരെ ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. തങ്ങളുടെ കരിയറിനെ നെഗറ്റീവായി ബാധിക്കുമെന്നും മനസിലാക്കി പുതിയ സംഘടനയ്ക്ക് നേരെ മുഖം തിരിക്കുകയാണ് ബഹുഭൂരിപക്ഷം വനിതാ സിനിമാ പ്രവര്‍ത്തകര്‍. നടിമാരില്‍ പലരും സംഘടനയില്‍ ചേരാന്‍ താല്പര്യപ്പെടുന്നില്ലെന്നാണ് സൂചന. അമ്മയെയും സൂപ്പര്‍ താരങ്ങളെയും വെല്ലുവിളിച്ച് വനിതാ സംഘടനയില്‍ ചേര്‍ന്നാല്‍ പലരുടെയും അപ്രീതി നേരിടേണ്ടി വരുമെന്നാണ് നടിമാര്‍ കരുതുന്നത്. നടി ഭാവനയ്ക്ക് ഉള്‍പ്പെടെ നേരിടേണ്ടി വന്ന വിലക്കാണ് ഈ നടിമാരെ പിന്തിരിക്കുന്നതും.
കൊച്ചിയില്‍ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താനായിരുന്നു മുഖ്യമന്ത്രിയെ കാണും മുമ്പുള്ള യോഗത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ സംഘടന പ്രഖ്യാപിച്ചതോടെ താരസംഘടനയില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായി. ഇതോടെയാണ് ഭാവി പരിപാടികള്‍ അവതാളത്തിലായത്. ഇതിനൊപ്പം മഞ്ജു വാര്യര്‍ ഷൂട്ടിംഗിന്റെ തിരക്കിലായതും പ്രതിസന്ധി സൃഷ്ടിച്ചു. പാര്‍വതി, ഭാഗ്യലക്ഷ്മി എന്നിവരെ ഒഴിവാക്കിയതില്‍ നടിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്നവരെ മാത്രം സംഘടനയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും ഒഴിവാക്കിയതെന്ന ശ്രുതിയും ഇതിനിടെ പടര്‍ന്നിരുന്നു. ഇടത് എംപിയും അമ്മ പ്രസിഡന്റുമായ ഇന്നസെന്റും വനിതകളുടെ സംഘടനയോട് അനുകൂലമായ പ്രതികരണമല്ല നടത്തിയത്. ഇതും നടിമാര്‍ സംഘടനയില്‍ ചേരുന്നതിനെ പിന്നോട്ടുവലിച്ചു. സൂചനകളനുസരിച്ചാണെങ്കില് വുമണ്‍ ഇന്‍ കളക്ടീവിന്റെ തുടങ്ങുമുമ്പ് കൊഴിയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.