ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അച്ഛന് ഏറ്റവും പ്രിയ നടൻമാരിൽ ഒരാളായിരുന്നു റൊണാൾഡ് റീഗൻ. അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന റീഗൻ തന്നെ.
അദ്ദേഹത്തോടുള്ള ഇഷ്ടം തലയ്ക്കുപിടിച്ചപ്പോൾ നാലാമനായി കുടുംബത്തിലേക്കു വന്ന ക്രിസ്റ്റ്യാനോയുടെ പേരിനൊപ്പം റോണാൾഡോ എന്നു കൂടി കൂട്ടിച്ചേർത്തു അദ്ദേഹം.
റൊണാൾഡോയുടെ അച്ഛൻ വലിയ ഫുട്ബോൾ പ്രേമിയായിരുന്നു.
അച്ഛന്റെ ഫുട്ബോൾ പ്രേമമാണ് ക്രിസ്റ്റ്യാനോയെ താരമാക്കി വളർത്തിയതെന്നു പറയാം. റൊണാൾഡോയെ പന്തുരുട്ടാൻ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു.
ചെറുപ്പത്തിൽ തന്നെ ഫുട്ബോളുമായി ചങ്ങാത്തം കൂടിയ പയ്യന്റെ ജീവിതത്തിൽ ഫുട്ബോൾ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി പറ്റിക്കൂടുകയായിരുന്നു.
ഫുട്ബോൾ ഒരു ലഹരിയായി മാറിയതോടെ പഠനം പോലും മറന്ന് അവൻ ഫുട്ബോളിനു പിന്നാലെ പാഞ്ഞുകൊണ്ടേയിരുന്നു.
ഇതിനിടെ, ഫീസ് അടയ്ക്കാൻ വഴിയില്ലാതെ വന്നതോടെ സ്കൂൾ ജീവിതം റൊണാൾഡോയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നു. അപ്പോഴും കുഞ്ഞു റൊണാൾഡോയ്ക്കു കൂട്ടായുണ്ടായിരുന്നത് അച്ഛൻ സമ്മാനിച്ച ഫുട്ബോളായിരുന്നു.
ഫുട്ബോൾ ക്ലബിൽ
ക്രിസ്റ്റ്യാനോ എന്ന പയ്യന്റെ ഫുട്ബോൾ കളിയിലെ മികവ് നാട്ടിൽ ചെറിയ ചർച്ചയായിരുന്നു. ഇതു കണ്ടും കേട്ടും അറിഞ്ഞ ഒരു പ്രാദേശിക ഫുട്ബോൾ ക്ലബ് അവിടേക്കു റൊണാൾഡോയെ ക്ഷണിച്ചു.
ഈ സൂപ്പർ താരത്തിന്റെ ഫുട്ബോൾ ജീവിതത്തിന്റെ അടിത്തറയായിരുന്നു അത്. വലിയ നേട്ടങ്ങളിലേക്കു കുതിപ്പിന്റെ തുടക്കം.
റൊണാൾഡോയുടെ ക്ലബിന് 2003ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടു മത്സരിക്കാൻ ഒരു അവസരം വന്നു.
മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് അവർ ജയിച്ചു. സ്വപ്നതുല്യമായ ആ വിജയം റൊണാൾഡോയ്ക്കു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു എന്നു പറയാം.
ആശങ്കയോടെ
പ്രാദേശിക ക്ലബിൽ കളിച്ചു ശീലിച്ച ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിലേക്കു ചെന്നതു തന്നെ വലിയ ആശങ്കയോടെയായിരുന്നു. വലിയ ക്ലബിലെ രീതികളുമായി തന്റെ കളി പൊരുത്തപ്പെടുമോയെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു.
എന്നാൽ, ഫുട്ബോൾ കാലിൽ കിട്ടിയാൽ പിന്നെ വേറൊരാളായി മാറുന്നതായിരുന്നു റൊണാൾഡോയുടെ ശൈലി.
കളിക്കളം കണ്ടുകഴിയുന്പോൾ അദ്ദേഹം എല്ലാം മറക്കും. പിന്നെ ഫുട്ബോളിനു പിന്നാലെ ഒറ്റക്കുതിപ്പാണ്.
ഓരോ ദിവസം തലേ ദിവസത്തേക്കാളധികം വീറും വാശിയും കഠിനാധ്വാനവും റൊണാൾഡോ കാഴ്ചവച്ചു. ഇക്കാര്യത്തിൽ മറ്റു പല കളിക്കാരേക്കാൾ ഏറെ മുന്നിലായിരുന്നു ഈ പ്രതിഭ.
ആ ആത്മാർഥതയുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് റൊണാൾഡോ ഇന്ന് അനുഭവിക്കുന്ന പ്രശസ്തിയും സൗഭാഗ്യങ്ങളുമെന്നു പറയാം. രണ്ടു വർഷമായി യുവന്റസിനൊപ്പമാണെങ്കിലും റൊണാൾഡോയുടെ മനസ് ഇപ്പോഴും സ്പെയിനിൽ തന്നെയാണ്.
അതുകൊണ്ടാണല്ലോ തന്റെ ഏറ്റവും പുതിയ വീട് റൊണാൾഡൊ സ്പെയിനിലെ കോസ്റ്റാ ദെൽ സോളിൽ വാങ്ങിയത്. 1.4 മില്ല്യൺ ഡോളർ (ഏകദേശം10 കോടി രൂപ)ആണ് ഈ വീടിന്റെ വില.
ആഡംബര വില്ലകളുടെ നിർമാതാക്കളായ ഓട്ടേറോ ഗ്രൂപ്പാണ് റൊണാൾഡോയുടെ വീടിന്റെ നിർമാണത്തിനു ചുക്കാൻ പിടിച്ചത്. ആഡംബരങ്ങളുടെയും ആധുനികസംവിധാനങ്ങളുടെയും സംഗമസ്ഥാനമാണ് ഈ വീട്.
(തുടരും).