ഇരിങ്ങാലക്കുട: ഏതു മെരുങ്ങാത്ത നായയും ചേനത്തുപറമ്പിൽ ക്രിസ്റ്റോ ബാബുവിനു മുന്നിൽ മെരുങ്ങും. നായ്ക്കളുമായി ചങ്ങാത്തം കൂടി അവയെ പരിശീലിപ്പിക്കുകയാണ് ഈ യുവാവ്. ബ്രിട്ടീഷ് എയർവേയ്സ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റോ ജോലിക്കിടയിൽ പരിചയപ്പെട്ട ജർമൻകാരനായ ബർണാൾഡാണ് നായ പരിശീലനത്തിൽ ഗുരു. അതോടെ ജോലി രാജിവച്ച് ജർമനിയിലെ പോലീസ് നായ്ക്കളെ പരിശീലിപ്പിക്കാനെത്തി.
ഇന്ത്യയിലെത്തിയശേഷം ഇരിങ്ങാലക്കുടയിലും മുംബൈയിലും നായ പരിശീലന സ്കൂൾ തുടങ്ങി. ഇരിങ്ങാലക്കുടയ്ക്കടുത്തു ചേലൂരിലാണ് പ്രധാന കേന്ദ്രം. ലക്ഷത്തിലേറെ രൂപ വിലയുള്ള ഇറക്കുമതിചെയ്ത നായ്ക്കളുടെ പരിശീലന കേന്ദ്രമാണിതിപ്പോൾ. രാജ്യത്തെ പല സുരക്ഷാ ഏജൻസികളും ഇപ്പോൾ ക്രിസ്റ്റോയുടെ സഹായം തേടുന്നുണ്ട്. കഞ്ചാവ് മണത്തുപിടിക്കുന്ന നായ്ക്കളെ കേരള പോലീസിനു നല്കുകയാണ് ഇപ്പോഴത്തെ ദൗത്യങ്ങളിലൊന്ന്.
വീടിനു കാവലാകാൻ, പോലീസിനു പ്രതികളെ പിടികൂടാൻ, ഒളിഞ്ഞിരിക്കുന്ന കഞ്ചാവ് കണ്ടെത്താൻ, സ്ത്രീസുരക്ഷ നൽകാൻ തുടങ്ങി വിവിധ തരം കാര്യങ്ങൾക്കായാണ് ക്രിസ്റ്റോയുടെ മേൽനോട്ടത്തിൽ നായ്ക്കളെ പരിശീലിപ്പിക്കുന്നത്. ഇതിനകംതന്നെ വിവിധ മേഖലകളിലായി ആയിരത്തോളം നായ്ക്കളെ പരിശീലിപ്പിച്ചു.
ആദ്യം നായ്ക്കളുടെ സ്വഭാവം പഠിക്കുക, അതിലൂടെ അവരുമായി ഇണങ്ങി, മെരുക്കിയെടുത്തശേഷം പരിശീലനം നൽകുക- ഇതാണ് ക്രിസ്റ്റോയുടെ രീതി. കുരച്ചുകൊണ്ട് ഭീതി ഉണ്ടാക്കി ശത്രുക്കളെ അകറ്റുന്ന തരത്തിലുള്ള സുരക്ഷാനായ്ക്കളാണ് ശിഷ്യരിൽ കൂടുതലും. ശത്രു ആയുധവുമായി വന്നാൽപോലും ഉപദ്രവിക്കാതെ പിറകിൽനിന്നു ചാടിവീണ് ശത്രുവിന്റെ ആത്മവീര്യം കെടുത്തുകമാത്രമേ ഇവ ചെയ്യൂ. അല്ലാതെ, ആക്രമിക്കുകയില്ല. വീട്ടുപണിചെയ്യുന്ന വർക്കിംഗ് ഡോഗ്സിനെയും പരിശീലിപ്പിക്കുന്നുണ്ട്. പറമ്പിൽനിന്നു തേങ്ങ, മറ്റു സാധനങ്ങൾ എന്നിവ എടുത്തുകൊണ്ടു വരുന്നതുപോലുള്ള ജോലികൾ ഇവ ചെയ്യും.
വീടിനകത്തും പുറത്തും സ്ത്രീസുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന നായ്ക്കളും പരിശീലനത്തിലുണ്ട്. സ്ത്രീകൾക്കെതിരേ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾക്ക് പ്രത്യേകം പരിശീലനം നേടിയ നായ്ക്കൾ സുരക്ഷ നല്കും. പരിചയമില്ലാത്ത വ്യക്തികളെ കണ്ടാൽ മണം പിടിച്ച് അക്രമിയുടെ സ്വഭാവം മനസിലാക്കും.
ഇരിങ്ങാലക്കുട മേഖലയിലെ പോലീസിനു പ്രത്യേക സഹായമാണ് ക്രിസ്റ്റോ പരിശീലനം നൽകുന്ന നായ്ക്കൾ. കഞ്ചാവ് കണ്ടെത്തുന്നതിനും കൊലപാതകം, മോഷണം തുടങ്ങിയ പല കേസുകളിലെ പ്രതികളെ പിടികൂടുന്നതിനും ഇത്തരം നായ്ക്കളുടെ പ്രയോജനം വളരെ വലുതാണ്.
മനുഷ്യരോട് ഇത്രയും ഇണങ്ങിക്കഴിയുന്ന ഒരു മൃഗം വേറെയില്ലെന്നാണ് ക്രിസ്റ്റോയുടെ വിലയിരുത്തൽ. നായ്ക്കളെ മെരുക്കുന്ന ക്രിസ്റ്റോ ഒരിക്കൽ ഒരു മാസം കൊണ്ട് ഒരു പുള്ളിപ്പുലിയെ മെരുക്കിയെടുത്തിട്ടുണ്ട്. സൗദി അറേബ്യയിലെ കോടീശ്വരനായ അറബി ദക്ഷിണാഫ്രിക്കയിൽനിന്നാണു പുള്ളിപ്പുലിയെ വാങ്ങിയത്. എട്ടു പരിശീലകർ എത്തിയിട്ടും ആർക്കും കക്ഷിയെ മെരുക്കാനായില്ല. അങ്ങനെയാണ് പുള്ളിപ്പുലികളെ പണ്ടുകാലത്തു മെരുക്കി ഉപയോഗിച്ചിരുന്ന ഇന്ത്യയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
ഒടുവിൽ, പല ദേശീയ ഏജൻസികൾക്കുംവേണ്ടി നായ്ക്കളെ പരിശീലിപ്പിച്ച ക്രിസ്റ്റോയ്ക്ക് ഇന്റർനെറ്റിലൂടെ അന്വേഷണമെത്തി.യൂറോപ്പിൽ നാലുവർഷം നായ പരിശീലകനായിരുന്ന ക്രിസ്റ്റോയെ അവിടെയുള്ളവർ വിളിച്ചിരുന്നതു ക്രിസ് വൂൾഫ് എന്നാണ്. ചെന്നായ എന്ന ആ വിളിപ്പേരു നാട്ടിലെത്തിയപ്പോൾ അദ്ദേഹം സ്വന്തം പേരിന്റെ കൂടെ കൂട്ടി. ഫോണ്- 7558808111.