കൃതിക ചൗധരി കൊല്ലപ്പെട്ടത് ലൈംഗിക അതിക്രമത്തിനിടെ; വാച്ച്മാനും സുഹൃത്തും കസ്റ്റഡിയില്‍; ഫ്ളാറ്റില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക്

Kritika-chaudhary

മുംബൈ: മോഡലും നടിയുമായ കൃതിക ചൗധരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വാച്ച്മാനും സുഹൃത്തും കസ്റ്റഡിയില്‍. പിന്നില്‍ അടുപ്പക്കാര്‍ തന്നെയാണെന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഇരുമ്പുവടികൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നടി ലൈംഗിക അതിക്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്. കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പോലീസില്‍ പരാതിനല്‍കി. കൊലപാതകം മോഷണത്തിനു വേണ്ടിയാണോയെന്നും പോലീസ് സംശയിക്കുന്നു.

കൃതിക മരിച്ച ദിവസം ആരും വീട്ടില്‍ അതിക്രമിച്ച് കടന്നതായുള്ള ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. മത്രമല്ല, കൃതികയുടെ ഫ്‌ളാറ്റ് സമുച്ചയത്തിന്‍റെ സുരക്ഷ ജീവനക്കാരന്‍ ഇവര്‍ക്കൊപ്പം രണ്ടു പേരെയും കണ്ടിരുന്നതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജൂണ്‍ എട്ടിന് പുലര്‍ച്ചെ 2.30ന് കൃതികയ്‌ക്കൊപ്പം രണ്ടു പേര്‍ കൂടി ഫ്‌ളാറ്റിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്നാണ് സുരക്ഷ ജീവനക്കാരന്‍റെ മൊഴി.

പോലീസിന്‍റെ അന്വേഷണത്തില്‍ കൃതിക മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ തന്നെ കൊലപാതകത്തില്‍ മയക്കുമരുന്ന് ലോബിയുടെ പങ്കും പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്. കൊലപാതകികള്‍ എന്ന് സംശയിക്കുന്ന രണ്ടു യുവാക്കള്‍ ഫ്‌ളാറ്റില്‍ വച്ച് കൃതികയുമായി വഴക്കുണ്ടായെന്നും തുടര്‍ന്നുണ്ടായ പ്രകോപനമാകാം സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് പോലീസ് ഇത്തരമൊരു നിരീക്ഷണത്തിലെത്തിയിരിക്കുന്നത്. കൃതികയുടെ ചെവിക്ക് പിന്നിലായും മുറിവുകളുണ്ടായിരുന്നു.

27കാരിയായ കൃതികയെ ജൂണ്‍ 12നാണ് അന്ധേരിക്ക് സമീപമുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കം ചെന്ന് അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം. മരിച്ചതാരാണെന്ന് ആദ്യം പോലീസിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കൃതികയാണെന്ന് വ്യക്തമായത്. പാതി നഗ്‌നമായ നിലയില്‍ മുഖംമൂടിയാണ് മൃതദേഹം ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സംഭവശേഷം പോലീസ് കൃതികയുടെ അമ്മയുടെയും സഹോദരന്‍റെയും മൊഴിയെടുത്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. കൊലപാതകത്തില്‍ തങ്ങള്‍ക്ക് ആരെയും സംശയമില്ലെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

Related posts