ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളാണ് റഷ്യന്‍ ലോകകപ്പ് മത്സരത്തില്‍ നടന്നു വരുന്നത്. ഒരാളും പ്രതീക്ഷിക്കാത്ത രീതിയില്‍ ക്രൊയേഷ്യ ഫൈനലിലെത്തി. അതും അവരുടെ കന്നി ഫൈനല്‍. ആഘോഷത്തിമിര്‍പ്പിലാണ് ഈ രാജ്യമിപ്പോള്‍. മോഡ്രിച്ചും സംഘവുമാണ് രാജ്യത്തെ മിന്നും താരങ്ങള്‍. ഫൈനലിലേക്ക് ക്രൊയേഷ്യ മുന്നേറുമ്പോള്‍ രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും ശ്രദ്ധേകേന്ദ്രമായിരിക്കുകയാണ്.
സെമി ജയത്തിന് പിന്നാലെ ടീം ജേഴ്സിയണിഞ്ഞാണ് ക്രൊയേഷ്യലെ മന്ത്രിസഭാ യോഗം ചേര്‍ന്നത്. പ്രധാനമന്ത്രിയടക്കം എല്ലാവരും എത്തിയത് ഫുട്ബോള്‍ ടീമിന്റെ ജേഴ്സിയണിഞ്ഞ്. അത്രമാത്രം പ്രിയപ്പെട്ടതാണ് ക്രൊയേഷ്യയ്ക്ക് ഫുട്ബോള്‍ എന്ന് തെളിയിക്കുന്ന പ്രവര്‍ത്തി. രാജ്യത്തെ, ലോക ഫുട്ബോളിന്റെ നെറുകയിലെത്തിച്ച താരങ്ങളെ വാരിപ്പുണരുകയാണ് ക്രൊയേഷ്യന്‍ സര്‍ക്കാരും. ഫൈനലില്‍ ടീമിന്റെ ആരാധകരായി ഗ്യാലറിയിലും സര്‍ക്കാര്‍ പ്രതിനിധികളെത്തും എന്നാണറിയുന്നത്.
പ്രധാനമന്ത്രി ആന്ദ്രേ പ്ലങ്കോവിച്ചും സ്പീക്കറും ലോകകപ്പ് സെമികാണാന്‍ പോയത് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയാണെന്നത് മറ്റൊരു കൗതുകകരമായ കാര്യം. പ്രസിഡന്റ് കൊളിന്ദ ഗ്രാബറിന്റെ ഫുട്ബോള്‍ ആവേശം എത്രമാത്രമെന്നത് ക്വാര്‍ട്ടര്‍ ജയിച്ചപ്പോഴുള്ള അവരുടെ ആഹ്ളാദ പ്രകടനത്തില്‍ നിന്ന് നേരത്തേ വ്യക്തമായതാണ്, ടീമിന്റെ ഡ്രസിംഗ് റൂമിലെത്തി കൊളിന്ദ താരങ്ങളെ അഭിനന്ദിച്ചതും അവരോടൊപ്പം നൃത്തം ചെയ്തതും തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ടാണെന്ന് വിവാദമുണ്ടായിരുന്നെങ്കില് പോലും.
ക്രൊയേഷ്യയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗ്യാലറിയില്‍ താരമാവുകയാണ് കൊളിന്ദ കിറ്ററോവിച്ച്. കാണികളെ പോലും പ്രചോദിപ്പിക്കുന്ന തരത്തിലാണ് പ്രസിഡന്റിന്റെ പ്രകടനങ്ങള്‍. പ്രസിഡന്റായാല്‍ ഇങ്ങനെ വേണം. കളികണ്ട എല്ലാവരും ഒന്നടങ്കം ആഗ്രഹിക്കുകയാണ് ഇങ്ങനെയൊരു പ്രസിഡന്റിനെ എന്നാണ് സോഷ്യല്‍മീഡിയയുടെ പൊതുവായ അഭിപ്രായം. സുരക്ഷാഭടന്മാരോ ബ്ലാക്ക് ക്യാറ്റ്സോ ഒന്നുമില്ലാതെയുള്ള പ്രസിഡന്റിന്റെ കളിയാസ്വാദനം ക്രൊയേഷ്യയുടെ മുന്നേറ്റത്തൊടൊപ്പം ലോകമെങ്ങും വൈറലാണ്.