നമ്മുടെയൊക്കെ പക്കലുള്ള ബാഗും പഴ്സും ഷൂസും ബെല്‍റ്റുമൊക്കെ എന്തുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?. മൃഗങ്ങളുടെയും മരത്തിന്റെയുമൊക്കെ തോല് ഉപയോഗിച്ചും മറ്റുമാണെന്നായിരിക്കും ബഹുഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നത്. എന്നാല്‍ ബാഗ് നിര്‍മ്മാണത്തിന് വേണ്ടി എത്ര ക്രൂരമായാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ മനുഷ്യത്വമുള്ളവര്‍ക്ക് ബാഗ് തൊട്ടാല്‍ കൈ വിറയ്ക്കും. മുതലയേയും ചീങ്കണ്ണിയേയും ക്രൂരമായി കശാപ്പ് ചെയ്ത് തോലുരിച്ചെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മൃഗസംരക്ഷണ സംഘടനയായ പെറ്റയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആഫ്രിക്കയിലും അമേരിക്കയിലും ഉടനീളമുള്ള വളര്‍ത്തുകേന്ദ്രങ്ങളില്‍ ഉരഗജീവികള്‍ നേരിടുന്ന ക്രൂരതകളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പെറ്റ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുകല്‍ നിര്‍മാണ ഫാമുകളില്‍ മുതലകളും ചീങ്കണ്ണികളും അതിക്രൂരമായി കൊല ചെയ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ലൂയിസ് വ്യൂട്ടണ്‍ അടക്കമുള്ള കമ്പനികള്‍ക്കായി ഏറ്റവും കൂടുതല്‍ തുകല്‍ കയറ്റി അയക്കുന്നത് വിയറ്റ്നാമില്‍ നിന്നാണ്.
തുകല്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ് മുതലകളെ ഫാമുകളിലെ കുളത്തില്‍ വളര്‍ത്തുന്നത്. അവയ്ക്ക് തീറ്റ കൊടുത്ത് വളര്‍ത്തി പ്രചനനത്തിന് ഒരുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് മുതലകള്‍ പ്രസവിച്ചതിന് ശേഷം ഇളംപ്രായമുള്ള മുതലകളെ ഫാക്ടറിയിലേക്ക് കൊണ്ടു പോകും. വൈദ്യുത ഷോക്ക് ഏല്പിച്ച ശേഷമാണ് ഇവയുടെ ചര്‍മ്മം തുകല്‍ നിര്‍മ്മാണത്തിനായി ഉരിഞ്ഞെടുക്കുക. ഷോക്ക് ഏല്പിച്ച മുതലയുടെ കഴുത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിച്ച് തുറക്കും. തുടര്‍ന്ന് കഴുത്തിലെ മുറിവ് വഴി നേര്‍ത്ത് ഇരുമ്പ് കമ്പി കടത്തിയാണ് ഇവയെ കശാപ്പ് ചെയ്യുന്നത്.
മുതലകളെ കൊല്ലാതെ തന്നെയാണ് ഇത്തരത്തില്‍ തോല് ഉരിഞ്ഞെടുക്കുന്നതെന്ന് പെറ്റ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തം. മുതലകളെ അറുത്തതിന് ശേഷവും അവയ്ക്ക് അനക്കമുള്ളതായി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തില്‍ മുതലകളെ കശാപ്പ് ചെയ്യുമ്പോള്‍ ഏകദേശം ആറ് മണിക്കൂറോളം കഴിഞ്ഞ് മാത്രമാണ് ഇവയ്ക്ക് ജീവന് നഷ്ടമാവുക. വളരെ കുറഞ്ഞ തോതില്‍ മാത്രം ഓക്സിജന്‍ ലഭിച്ചാലും ഏറെ നേരത്തേക്ക് ജീവന് പിടിച്ചുനിര്‍ത്താന്‍ മുതലകള്‍ക്ക് കഴിയുമെന്നതും മറ്റൊരു പരിതാപകരമായ അവസ്ഥയാണ്.
വിയറ്റ്നാമിലെ ഫാമുകളില്‍ മോശമായ സാഹചര്യത്തിലാണ് ഉരഗജീവികള്‍ വളരുന്നത്. ഒരു മുതലയുടെ ശരീരത്തോളം പോലും വലിപ്പമില്ലാത്ത കുളത്തിലാണ് പ്രായമുള്ള മുതലകളെ വളര്‍ത്തുന്നത്. ഇവയ്ക്ക് ചികിത്സ നല്‍കാനും ഫാം ഉടമകള്‍ തയാറാകില്ല. നമ്മുടെ കൈയിലിരിക്കുന്ന ആഢംബര തുകല്‍ ഉത് പന്നങ്ങള് നിര്‍മ്മിക്കാന്‍ വേണ്ടി ലക്ഷക്കണക്കിന് മുതലകളാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്നതെന്ന് പെറ്റയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു