ഫ്ലോറിഡ: നമ്മുടെനാട്ടിൽ പുഴയിലും മറ്റും മുതലകളെ കാണാറുണ്ടെങ്കിലും പൊതുസ്ഥലത്ത് അവ അങ്ങനെ എത്താറില്ല. ഇനി എത്തിയാൽ അതൊരു നടുക്കമുളവാക്കുന്ന സംഭവമായിരിക്കും. എന്നാൽ അമേരിക്കയിലെ ഫ്ലോറിഡയിലെ സ്ഥിതി അതല്ല.
ഇവിടത്തെ സ്കൂളുകൾ, വീടുകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ ജനവാസമേഖലകളിൽ അപകടകാരികളായ മുതലകൾ അലഞ്ഞുതിരിയുന്നതു പതിവു സംഭവമാണ്. മുതലകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും കുറവല്ല. അത്ര കണ്ടു മുതലകൾ അവിടെ പെരുകിയിരിക്കുന്നു.
ഫ്ലോറിഡയിലെ ഒരു ഷോപ്പിംഗ് മാളിൽനിന്നു മുതലയെ പിടികൂടിയ വാർത്തയാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നിരിക്കുന്നത്. പിടിയിലായ മുതല ചില്ലറക്കാരനല്ല. 12 അടി നീളവും 272 കിലോഗ്രാം ഭാരവുമുള്ള പടുകൂറ്റൻ മുതല.
എസ്റ്ററോയിലെ കോക്കനട്ട് പോയിന്റ് മാളിലാണ് ഈ മുതലഭീമനെ കണ്ടെത്തിയത്. ഇതിനെ പിന്നീട് അനുയോജ്യമായ ആവാസവ്യവസ്ഥയിലേക്കു മാറ്റി.
ഏതാനും ആളുകൾ ചേർന്നു മാളിൽനിന്നു മുതലയെ പിടികൂടി ട്രക്കിൽ കയറ്റുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുതലയെ മയക്കിയശേഷമായിരുന്നു രക്ഷാപ്രവർത്തനം. കഴിഞ്ഞ ജൂണിൽ ഒരു വീടിനുള്ളിലെ നീന്തൽക്കുളത്തിൽ മുതലയെ കണ്ടെത്തിയിരുന്നു.