ഇന്തോനീഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹം തിരികെയെത്തിച്ച് മുതല.
മുഹമ്മദ് സിയാദ് എന്ന കുട്ടിയുടെ മൃതദേഹമാണ് കേടുപാടുകള് കൂടാതെ മുതല തിരികെയെത്തിച്ചത്. തികച്ചും അസാധാരണമായ ഈ സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
പത്തടി നീളമുള്ള മുതല ഒരു മനുഷ്യനെപ്പോലെയാണ് പെരുമാറിയതെന്ന് പെരുമാറിയതെന്ന് ദൃക്സാക്ഷികള് പറയുന്നു.
അഴിമുഖത്തിന് സമീപം കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അപ്പോള് തന്നെ തെരച്ചില് ആരംഭിച്ചില്ലെങ്കിലും സിയാദിനെ കണ്ടെത്താന് കഴിഞ്ഞിരുന്നില്ല.
തുടര്ന്നുള്ള രണ്ടു ദിവസങ്ങളിലും ഈസ്റ്റ് കലിമന്റണ് സേര്ച്ച് ആന്ഡ് റെസ്ക്യൂ ഏജന്സി എന്ന സംഘടനയിലെ അംഗങ്ങള് പ്രദേശത്ത് തിരച്ചില് തുടര്ന്നു.
മൃതദേഹം കണ്ടെത്താനാവാതെ വന്നതോടെ തിരച്ചില് അവസാനിപ്പിക്കാന് തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് അത്യപൂര്വമായ സംഭവം അരങ്ങേറിയത്.
സിയാദിനെ കാണാതായ സ്ഥലത്തു നിന്നും ഏതാണ്ട് ഒരു മൈല് അകലെയായി ഒരു മുതല കുഞ്ഞിന്റെ മൃതദേഹവും പുറത്ത് വഹിച്ചുകൊണ്ട് നീന്തുന്നതായി ഏജന്സിയിലെ അംഗങ്ങള്ക്ക് വിവരം ലഭിക്കുകയായിരുന്നു.
ജഡവും വഹിച്ചുകൊണ്ട് 700 അടിയോളം നീന്തിയ മുതല ഒരു ബോട്ടിനരികിലെത്തിയതോടെ ജഡം താഴേക്കിട്ടു.
ബോട്ടില് ഉണ്ടായിരുന്ന രണ്ട് വ്യക്തികള് ഉടന് തന്നെ ജഡം വലിച്ചുയര്ത്തി ബോട്ടിലേക്ക് കയറ്റുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന മറ്റൊരാളാണ് ഇതിന്റെ ചിത്രങ്ങളും ദൃശ്യവും പകര്ത്തിയിരിക്കുന്നത്.
സിയാദിന്റെ മൃതദേഹം തിരികെ ഏല്പിച്ചതിന് തൊട്ടു പിന്നാലെ മുതല വെള്ളത്തിനടിയിലേക്ക് തന്നെ മറഞ്ഞു. തുടര്ന്ന് നടത്തിയ പരിശോധനയില് ജഡത്തില് മുറിവേറ്റ പാടുകളൊന്നുമില്ലയെന്ന് കണ്ടെത്തി.
കുഞ്ഞിന്റെ ശരീരഭാഗങ്ങള് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. മുതലയുടെ പെരുമാറ്റത്തില് നിന്ന് അത് കുഞ്ഞിനായുള്ള തിരച്ചിലില് തങ്ങളെ സഹായിക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കാനാവുന്നതെന്ന് രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കിയ മെല്കാനിയസ് വ്യക്തമാക്കി
ജലജീവികളില് തന്നെ ഏറ്റവും അപകടകാരികളായി കണക്കാക്കുന്ന മുതല കുഞ്ഞിന്റെ മൃതദേഹം പോറല് പോലുമേല്ക്കാതെ തിരികെയെത്തിച്ചതു കണ്ട് അദ്ഭുതം കൂറുകയാണ് ആളുകള്.
സംഭവത്തിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിച്ചതോടെ മുതല അറിഞ്ഞുകൊണ്ടുതന്നെ കുഞ്ഞിനെ തിരികെ ഏല്പിക്കുകയായിരുന്നുവെന്നാണ് ഭൂരിഭാഗം പ്രതികരിക്കുന്നത്.
അഴിമുഖത്ത് ധാരാളം മുതലകളുണ്ടെന്നിരിക്കെ രണ്ടുദിവസത്തോളം സിയാദിന്റെ ജഡത്തിന് കേടുപാടുകളേല്ക്കാതെ തുടര്ന്നത് എങ്ങനെയെന്നോര്ത്ത് ആശ്ചര്യപ്പെടുന്നവരും കുറവല്ല.