മത്സ്യബന്ധനം ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. ഒഴിവു സമയങ്ങളിൽ കൂട്ടുകാരുമൊത്ത് മീൻ പിടിക്കാൻ പോകാറുണ്ട് പലരും.
എന്നാൽ യാതൊരു സുരക്ഷയുമില്ലാതെ മീൻ പിടിക്കാൻ പോയാൽ ചിലപ്പോൾ ജീവൻ പോലും അപകടത്തിലാകും. കൂട്ടുകാരോടൊപ്പം ഞണ്ട് പിടിക്കാൻ പോയ യുവാവിന്‍റെ ജീവൻ നഷ്ടമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
മലേഷ്യയിലെ സബാഹ് സംസ്ഥാനത്താണ് സംഭവം. സുഹൃത്തുക്കളോടൊപ്പം തൻജംഗ് ലാബിയാനിലെ കാംപുങ് ടിനാജിയൻ ജലാശയത്തിൽ ഞണ്ടിനെ പിടിക്കാൻ പോയതാണ് യുവാവ്.
ഞണ്ട് പിടിക്കുന്നതിനിടയിലാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ജലാശയത്തിലെ വെള്ളത്തിനടിയിൽ പതുങ്ങിയിരുന്ന മുതല അപ്രതീക്ഷിതമായി പൊങ്ങി വരികയും യുവാവിനെ കടിച്ചെടുത്തു കൊണ്ട് പോവുകയും ചെയ്തു.
സുഹൃത്തുക്കൾക്ക് നോക്കി നിൽക്കാൻ മാത്രമെ സാധിച്ചുള്ളു. യുവാവിനെ രക്ഷിക്കാൻ സാധിക്കുന്നതിന് മുൻപ് തന്നെ മുതല അയാളെയും കൊണ്ട് വെള്ളത്തിലേക്ക് ആഴ്ന്നു പോയി.
യുവാവിന്‍റെ മൃതദേഹം നദിക്കരയിൽ നിന്നും കണ്ടെത്തി. ശരീരമാസകലം യുവാവിനു മുതലയുടെ കടിയേറ്റു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ലഹദ് ദത്തു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.