കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ഗംഗാ നദിയിൽനിന്നു പിടികൂടിയ അപകടകാരിയായ മുതലയ്ക്കൊപ്പം സെൽഫിയെടുത്തും ആരാധന നടത്തിയും നാട്ടുകാർ. ഭക്തർ പുണ്യസ്നാനം നടത്തുന്ന സ്ഥലത്തുനിന്നു പിടികൂടിയ മുതലയ്ക്ക് ചിലർ ആരതി ഉഴിയുകയും തലയിൽ തിലകം ചാർത്തുകയും ചെയ്തു.
മുതലയെ കണ്ടെന്നറിഞ്ഞ് ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥരാണു പിടിക്കാൻ എത്തിയത്. എന്നാൽ, മുതലയെ പിടികൂടാൻ കഴിയാതെ അവർ മടങ്ങി. തുടർന്നു പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ ഭീമാകാരനായ മുതലയെ പിടികൂടുകയായിരുന്നു.
മുതലയെ പിടികൂടിയ വിവരം യഥാസമയം വനംവകുപ്പുകാരെ അറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും എത്തിയില്ല. ഇതോടെ നാട്ടുകാർ കയറുകൊണ്ടു വായും കാലുകളും ബന്ധിച്ചശേഷം മുതലയെ പ്രദേശത്തെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി.
മുതലയെ ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന വാർത്ത പരന്നതോടെ മുതലയെ കാണാൻ ആളുകൾ ക്ഷേത്രത്തിലേക്കു കൂട്ടമായെത്തി. അതിനിടെ കാവി പതാകയുമായി എത്തിയ ചിലർ മുതലയ്ക്കായി പൂജകൾ നടത്തുകയായിരുന്നു.