പട്ന: ഗംഗയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരനെ മുതല ജീവനോടെ കടിച്ചുതിന്നു. അങ്കിത് കുമാർ ആണു മരിച്ചത്. ബിഹാറിലെ വൈശാലി ജില്ലയിൽ രാഘോപുർ ദിയാരയിലാണ് ദാരുണ സംഭവം.
സംഭവത്തിൽ കുപിതരായ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുതലയെ നദിയിൽനിന്ന് വലിച്ചുകയറ്റി അടിച്ചുകൊന്നു.
പുതിയതായി വാങ്ങിയ ബൈക്ക് പൂജിക്കുന്നതിന്റെ ഭാഗമായിട്ടാണ് അങ്കിത് കുമാർ കുടുംബാംഗങ്ങൾക്കൊപ്പം ഗംഗയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ മുതല ആക്രമിക്കുകയായിരുന്നു.
വെള്ളത്തിലേക്കു വലിച്ചുകൊണ്ടുപോയശേഷം അങ്കിതിനെ മുതല ജീവനോടെ തിന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ബഹളം വച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വീണ്ടെടുക്കാനായത് അങ്കിതിന്റെ ഏതാനും ശരീര ഭാഗങ്ങൾ മാത്രം. ഇതിനിടെ നാട്ടുകാർ ചേർന്ന് മുതലയെ വലിച്ച് കരയ്ക്കു കയറ്റിയിരുന്നു.
തുടർന്ന് വടികൾ ഉൾപ്പെടെ ഉപയോഗിച്ച് അവർ മുതലയെ അടിച്ചുകൊന്നു.