ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ബിജെപിക്കു സംഭാവനയായി ലഭിച്ചത് 720 കോടി രൂപ. മറ്റു നാല് ദേശീയ പാർട്ടികളായ കോൺഗ്രസ്, എഎപി, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയ്ക്കു ലഭിച്ച മൊത്തം തുകയുടെ അഞ്ചിരട്ടിയിലധികമാണിതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പറയുന്നു.
2022-23 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾത്തു ലഭിച്ച മൊത്തം സംഭാവന 850.438 കോടി രൂപയാണ്. കോൺഗ്രസിന് 894 സംഭാവനകളിൽനിന്നായി 79.924 കോടി രൂപയാണ് ലഭിച്ചത്. ദേശീയ പാർട്ടികൾക്ക് ഡൽഹിയിൽനിന്ന് 276.202 കോടി രൂപയും ഗുജറാത്തിൽനിന്ന് 160.509 കോടി രൂപയും മഹാരാഷ്ട്രയിൽനിന്ന് 96.273 കോടി രൂപയും സംഭാവന ലഭിച്ചതായും എഡിആർ കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ ആറാമത്തെ ദേശീയ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടിക്കു (ബിഎസ്പി) ലഭിച്ചതു വെറും 20,000 രൂപയിൽ താഴെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ദേശീയ പാർട്ടികളുടെ മൊത്തം സംഭാവനയിൽ 91.701 കോടി രൂപയുടെ വർധനയുണ്ടായി.
2021-22 സാമ്പത്തിക വർഷത്തേക്കാൾ 12.09 ശതമാനം സംഭാവനയാണ് വർധിച്ചത്. രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ ഒരു സാമ്പത്തിക വർഷത്തിൽ ലഭിച്ച 20,000 രൂപയ്ക്കു മുകളിലുള്ള വ്യക്തിഗത സംഭാവനകൾ വെളിപ്പെടുത്തണമെന്നാണു നിയമം.