തലശേരി: കേരളത്തിലും കർണാടകയിലുമായി 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ധനകോടി കോടി ചിറ്റ്സ് ആൻഡ് ധന കോടി നിധി ഡയറക്ടർമാരുടെ അറസ്റ്റ് തലശേരി പോലീസ് രേഖപ്പെടുത്തും.
സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന കമ്പനിയുടെ ഡയറക്ടർമാരായ യോഹന്നാൻ മറ്റത്തിൽ, ജോർജ്, സജി സെബാസ്റ്റ്യൻ എന്നിവരുടെ അറസ്റ്റ് കോടതിയുടെ അനുമതിയോടെ വെള്ളിയാഴ്ച ജയിലിൽ തലശേരി പോലീസ് രേഖപ്പെടുത്തും.
ഇതിനിടയിൽ പണം നഷ്ടപ്പെട്ടവർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. സുൽത്താൻ ബത്തേരി ആസ്ഥാനമായിട്ടാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. സാലി യോഹന്നാൻ മറ്റത്തിൽ, സോണി ജേക്കബ്, ജിൻസി, അശ്വതി, നിധിൻ, ജോർജ് മറ്റത്തിൽ രൂപ ബേസിൽ എന്നിവരും കേസിൽ പ്രതികളാണ്.
ധന കോടി കമ്പനി തലശേരിയിൽ നിന്നും മാത്രം തട്ടിയെടുത്തത് അഞ്ച് കോടി രൂപയാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്.
തലശേരി പോലീസ് ഇതുവരെ 40 കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നൂറിലേറെ പരാതികളിൽ പരിശോധന നടന്നു വരികയാണ്. ഒരു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടവരാണ് പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്.
ടൗൺ സിഐ എം.അനിൽ, എസ്ഐ അരുൺ, എഎസ്ഐ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.