മലപ്പുറം: ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും കോടീശ്വരന്മാരായതിന്റെ ഞെട്ടല് മാറും മുമ്പേ എട്ടിന്റെ പണി കിട്ടിയ അവസ്ഥയിലാണ് കോട്ടയ്ക്കല് ആര്യവൈദ്യശാലാ ജീവനക്കാര്. ഇരുപതോളം പേരുടെ ശമ്പള അക്കൗണ്ടിലേക്കാണ് കോടികളുടെ നിക്ഷേപം വന്നതായി സ്റ്റേറ്റ്മെന്റ് കിട്ടിയത്.
കഴിഞ്ഞദിവസം ഒരു ആര്യവൈദ്യശാലാ ജീവനക്കാരിയുടെ എസ്.ബി.ഐ. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പ്രകാരം 97 ലക്ഷത്തില്പ്പരം രൂപ അക്കൗണ്ടിലേക്ക് വന്നിരുന്നു. എന്നാല് ബാങ്കുകാര് അക്കൗണ്ട് മരവിപ്പിച്ചതിനാല് സ്വന്തം ശമ്പളത്തുകപോലും അതില്നിന്ന് എടുക്കാന് കഴിയുന്നുമില്ല. ഇതേത്തുടര്ന്നാണ് കാര്യമെന്തെന്നറിയാതെ പലരും പരാതിയുമായി രംഗത്തെത്തിയത്.
മിക്കവരുടെയും അക്കൗണ്ടിലേക്ക് 90 ലക്ഷം മുതല് 19 കോടി രൂപവരെ നിക്ഷേപിച്ചതായാണ് അക്കൗണ്ട് സ്റ്റേറ്റ്മെന്റില് കാണിക്കുന്നത്. അക്കൗണ്ട് മരവിപ്പിച്ചതിനാല് ആര്ക്കും ഒരു രൂപ പോലും പിന്വലിക്കാനായില്ല.
പുതിയ മാസം പിറന്നിട്ട് സ്വന്തം ശമ്പളംപോലും പിന്വലിക്കാനാവാതെ പ്രതിസന്ധിയിലാണ് ഇവര്. കോട്ടയ്ക്കല് ആര്യവൈദ്യശാലാ ജീവനക്കാരുടെ ശമ്പള അക്കൗണ്ട് കോട്ടയ്ക്കല് എസ്.ബി.ഐ ശാഖയിലാണ്.
ചിലരുടെ അക്കൗണ്ടില് ഒരുകോടിയോളം രൂപ നിക്ഷേപിച്ചതായും അതില് 1,500 ഉം 2,000 വും രൂപ പിന്വലിച്ചതായും കാണിക്കുന്നത് സംഗതി ഗൗരവമാക്കുന്നു. അക്കൗണ്ട് ഉടമയറിയാതെ പണം പിന്വലിക്കുന്നത് എങ്ങനെയെന്നാണ് ജീവനക്കാരുടെ ചോദ്യം.
ബാങ്ക് അധികൃതരെ ഫോണില് വിളിച്ചെങ്കിലും അങ്ങനെയൊരു സംഭവമില്ലെന്നായിരുന്നു ആദ്യ മറുപടി. എന്നാല് കാര്യങ്ങള് കൈവിട്ടു പോകുന്ന അവസ്ഥയിലായപ്പോള് പണം ഇട്ടു നല്കിയത് മനഃപൂര്വമാണെന്ന ന്യായീകരണവുമായി ബാങ്ക് രംഗത്തെത്തി.
കെവൈസി നല്കാത്തവരുടെ അക്കൗണ്ടുകള് മരവിപ്പിക്കുന്നതിന് വേണ്ടിയാണ് അത്തരം അക്കൗണ്ടുകളിലേക്ക് കോടികള് നിക്ഷേപിച്ചതെന്നാണ് എസ്ബിഐ അധികൃതര് നല്കുന്ന വിശദീകരണം.