ജനീവ: ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) തീരുമാനിക്കും എന്നുറപ്പായതോടെ വില വീപ്പയ്ക്ക് 50 ഡോളര്‍ കടന്നു. ബ്രെന്റ് ഇനം ഇന്നലെ ഉച്ചയോടെ എട്ടുശതമാനം കുതിച്ച് 50.4 ഡോളറായി. ഡബ്ല്യുടിഐ ഇനവും 49 ഡോളറിലെത്തി.
ഒപെക് രാജ്യത്ത് പ്രതിദിനം മൊത്തം 11 ലക്ഷം വീപ്പ ഉത്പാദനം കുറയ്ക്കാനാണു നീക്കം. നേരത്തേ 12 ലക്ഷം ആയിരുന്നു പറഞ്ഞത്. റഷ്യ നാലുലക്ഷവും മറ്റു രാജ്യങ്ങള്‍ മൊത്തം രണ്ടു ലക്ഷവും വീപ്പ കണ്ട് ഉത്പാദനം കുറയ്ക്കണം. ഈ ധാരണ സ്വീകരിക്കാപ്പെട്ടാല് ക്രമേണ ക്രൂഡ് ഓയില്‍ വില 60 ഡോളറില്‍ എത്തുമെന്നാണു കണക്കുകൂട്ടല്‍. ധാരണ ഉണ്ടായില്ലെങ്കില്‍ 40 ഡോളറിനു താഴോട്ടു വില വീഴും. അ വസാന നിമിഷവും കരാര്‍ ഉണ്ടാകാതിരിക്കാനുള്ള സാധ്യത അവരു തള്ളിക്കളയുന്നില്ല. ഇറാന് ഉത്പാദനം കുറയ്ക്കാതെയുള്ള ധാരണയാണ് ചര്‍ച്ചയിലുള്ളത്. വില്പന കുറയ്ക്കുകയാണ് ഉദ്ദേശിക്കുന്നത്. റഷ്യയുമായുള്ള ധാരണയ്ക്ക് ഇറാന് വഹിച്ച വലിയ പങ്ക് പരിഗണിച്ചാണ് ഇറാനെ അധികം ബുദ്ധിമുട്ടിക്കാത്തത്. ഇറാന്റെ എണ്ണ മന്ത്രി ബിജാന്‍ നാംദാര്‍ സംഗാനെ ചര്‍ച്ചയുടെ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
ഒപെക് രാജ്യങ്ങളുടെ മൊത്തം ക്രൂഡ് ഉത്പാദനം 336 ലക്ഷം വീപ്പയില്‍നിന്നും 325 ലക്ഷം വീപ്പയാക്കാനുള്ള അല്‍ജീരിയയുടെ സ ന്ധിനിര്ദേശമാണ് ഒടുവില്‍ സ്വീകാ ര്യമായി അംഗരാജ്യങ്ങള്‍ കണ്ടത്. 14 അംഗങ്ങളാണ് ഒപെകിയില് ഉള്ളത്. ഉത്പാദനം കുറയ്ക്കാന്‍ ധാരണ ഉണ്ടാവുക തന്നെ ചെയ്യുമെന്നു സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അവസാന വട്ട ചര്‍ച്ചയ്ക്കു മുമ്പ് പറഞ്ഞു. ഏറ്റവും വലിയ ഉത്പാദകരായ സൗദിയാണ് ഉത്പാദനം ഏറ്റവുമധികം കുറയ്ക്കുക.