ന്യൂയോർക്ക്: മൂന്നു മാസത്തിനിടയിൽ രണ്ടാം തവണയും അമേരിക്കൻ കേന്ദ്രബാങ്ക് പലിശ കൂട്ടി. ഫെഡറൽ റിസർവ് ബോർഡിന്റെ (ഫെഡ്) തീരുമാനം പ്രതീക്ഷിച്ചതുപോലെയായതിനാൽ കന്പോളങ്ങളിൽ കോളിളക്കമുണ്ടായില്ല.
ക്രൂഡ് ഓയിൽ വില ഗണ്യമായി താണതും സ്വർണവില താഴോട്ടു നീങ്ങിയതും പ്രതീക്ഷിച്ചതു തന്നെയാണ്. ഡോളറിന്റെ കരുത്ത് വർധിച്ചതിനനുസരിച്ചുള്ള ഇടിവേ സ്വർണത്തിലുള്ളൂ. ഒന്നര ശതമാനം താഴ്ചയാണു സ്വർണം കാണിച്ചത്. ഇന്നലെ വീണ്ടും വ്യാപാരമാരംഭിച്ചപ്പോൾ ഔൺസിന് (31.1 ഗ്രാം) 1252 ഡോളറിലെത്തിയ സ്വർണം 1255 ലേക്കു കയറി. വെള്ളി വിലയും താണുനിന്നു.
ക്രൂഡ് ഓയിൽ ഇടിഞ്ഞതിനു പ്രധാന കാരണം വിപണിയിൽ ക്രൂഡ് ലഭ്യത കൂടിയതാണ്. ബ്രെന്റ് ഇനം വീപ്പയ്ക്കു 46.8 ഡോളറിലേക്കും ഡബ്ല്യുടിഐ ഇനം 44.45 ഡോളറിലേക്കും താണു.
ഫെഡ് ബാലൻസ് ഷീറ്റിന്റെ വലുപ്പം കുറയ്ക്കുന്ന നടപടി തുടങ്ങുമെന്നു ചെയർപേഴ്സൺ ജാനറ്റ് എലൻ അറിയിച്ചു. 4.2 ലക്ഷം കോടി ഡോളറിന്റെ ഗവൺമെന്റ് കടപ്പത്രങ്ങളും സ്വകാര്യ കടപ്പത്രങ്ങളും (പ്രാധനമായും ഭവന വായ്പകൾ ഈടായി തയാറാക്കിയ കടപ്പത്ര സമുച്ചയങ്ങൾ) ഫെഡിന്റെ പക്കലുണ്ട്. ദീർഘകാല വായ്പയുടെ പലിശ താഴ്ത്തി നിർത്തി സാന്പത്തിക ഉത്തേജനം നല്കാൻ 2008ൽ തുടങ്ങിയതാണു കടപ്പത്രം വാങ്ങൽ. ഓരോ മാസവും 600 കോടി ഡോളറിന്റെ കടപ്പത്രം വീതം വിൽക്കും. മൂന്നു മാസം കൂടുന്പോൾ പ്രതിമാസ വില്പന 600 കോടി ഡോളർ കണ്ട് കൂട്ടും. ഒരു വർഷം കഴിയുന്പോൾ പ്രതിമാസ വില്പന 3,000 കോടി ഡോളറിന്റേതാകും.