മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രക്ഷകരാവുകയാണ് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഡ്യൂട്ടിക്കിടയിൽ ചായ കുടിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു ഓഫീസർമാറായ കെ. കെ നന്ദകുമാറും പി. ബിനീഷും. പെട്ടെന്നാണ് അവർക്ക് മുന്നിലേക്ക് ഒരു കാക്ക ഷോക്കടിച്ച് വീണത്.
ഉടൻ തന്നെ ഇരുവരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. എങ്ങനെയും കാക്കയുടെ ജീവൻ രക്ഷിക്കണമെന്നായിരുന്നു ചിന്ത. ഒട്ടും സമയം പാഴാക്കാതെ വിരൽ കൊണ്ട് കാക്കക്ക് സിപിആർ കൊടുത്തു. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ കാക്കയുടെ ജീവൻ രക്ഷിക്കാനായി.
തളർന്നു വാടിയ കാക്കയെ അവിടെ ഉപേക്ഷിച്ച് പോകാൻ രണ്ടാൾക്കും മനസ് വന്നില്ല. ഇരുവരും കാക്കയേയും കൊണ്ട് ഓഫീസിലേക്ക് പോയി. അവിടെയെത്തി കാക്കയ്ക്ക് വേണ്ടുന്ന പ്രാഥമിക ശുശ്രൂഷകൾ ചെയ്തു. കുടിക്കുന്നതിനു വെള്ളവും കഴിക്കാൻ ഭക്ഷണവും കൊടുത്തു.
അൽപനേരം ഓഫീസ് പരിസരത്ത് ചുറ്റിയടിച്ച കാക്ക നന്ദിയോടെ ചിറകുകൾ വീശി കാണിച്ച് ദൂരേക്ക് പറന്ന് പോയി. മനുഷ്യനായാലും മൃഗമായാലും ഓരോ ജീവജാലങ്ങളുടേയും ജീവന് വലിയ വില ഉണ്ടെന്ന പാഠമാണ് നന്ദ കുമാറിന്റേയും ബിനീഷിന്റേയും പ്രവർത്തി.