പുകവലിച്ചതിനു ശേഷം സിഗരറ്റ് കുറ്റികൾ വഴിവക്കിൽ വലിച്ചെറിയുന്പോൾ പ്രകൃതിക്ക് അത് വരുത്തിയവയ്ക്കുന്ന ദൂഷ്യങ്ങൾ ചില്ലറയൊന്നുമല്ല. ഈ സിഗരറ്റ് കുറ്റികൾ പന്ത്രണ്ട് വർഷത്തോളം മണ്ണിൽ കിടന്നതിനു ശേഷം മാത്രമേ അലിഞ്ഞു പോകുകയുള്ളു എന്നാണ് പഠനം തെളിയിക്കുന്നത്.
ഇപ്പോഴിതാ ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു ഡച്ച് സ്റ്റാർട്ടപ്പ് കന്പനിയുടെ ഇൻഡസ്ട്രിയൽ ഡിസൈനർമാരായ റുബെൻ വാൻ ദെർ ലൂട്ടെനും ബോബ് സ്പിക്മെനും.
തെരുവിൽ അടിഞ്ഞു കൂടുന്ന സിഗരറ്റ് കുറ്റികൾ കാക്കകളെ ഉപയോഗിച്ച് എടുപ്പിച്ച് പ്രത്യേകം തയാറാക്കി നഗരത്തിന്റെ പലഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ക്രോബാഗുകളിൽ നിക്ഷേപിക്കുന്ന ആശയവുമായാണ് ഇവർ എത്തിയിരിക്കുന്നത്. ഓരോ സിഗരറ്റ് കുറ്റിയും കൊണ്ടിടുന്പോൾ കാക്കയ്ക്ക് പ്രതിഫലമായി ബാഗുകളിൽ നിന്നും ഭക്ഷണം പുറത്തേക്ക് വരും. അത് എടുത്തുകൊണ്ട് കാക്കകൾക്ക് പറന്നു പോകുകയും ചെയ്യാം.
ഒരാൾ കാക്കകളെ നാണയം എടുക്കാൻ പരിശീലിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഏവരെയും അന്പരപ്പിച്ച കണ്ടുപിടുത്തം നടത്താൻ ഇവർക്ക് പ്രചോദനമായത്. പലപ്പോഴും ശല്യക്കാരെന്നു കരുതുന്ന കാക്കകൾ ഇത്രയും ഉപകാരികളാണെന്നാണ് ഇവർ മനസിലാക്കിത്തരുന്നത്. ക്രോബാഗുകളിൽ നിക്ഷേപിക്കാതെ സിഗരറ്റ് കുറ്റികൾ ഉപയോഗിച്ച് കാക്കകൾ കൂട് നിർമിക്കുന്നുണ്ടെന്നും ഇവർ കണ്ടെത്തിയിട്ടുണ്ട്.