പക്ഷികളുടേയും മൃഗങ്ങളുടേയുമൊക്കെ പല തരത്തിലുള്ള വീഡിയോകൾ നമ്മൾ നിത്യേന കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നമ്മുടെ നാട്ടിൽ യഥേഷ്ടം ജീവിക്കുന്ന പക്ഷിയാണല്ലോ കാക്ക. കാ..കാ..കാ.. എന്നു കരഞ്ഞുകൊണ്ട് നടക്കുന്ന അവ പരിസരം ശുചിയാക്കാൻ മിടുക്കരാണ്.
ഭക്ഷണ സാധനങ്ങൾ കണ്ടാൽ അപ്പൊത്തന്നെ അവ വന്ന് കൊത്തിയെടുത്ത് പറന്നു പോകും. പിന്നെ നമ്മൾ എത്ര ശ്രമിച്ചാലും അവയെ പിടികൂടാൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ കാക്കകളൊക്കെ വേറെ ലെവലാണെന്ന് പറയാം. ഭക്ഷണമല്ല, അവയ്ക്ക് പൈസ മതി. കേൾക്കുന്പോൾ ചിരി വരുന്നുണ്ടോ. എന്നാൽ ഈ വീഡിയോ കണ്ടു നോക്കു.
അജാനിഷെട്ടി 11ഒഫിഷ്യൽ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വീഡിയോ ആണിത്. ഇത് വളരെ വേഗം തന്നെ വൈറലായി. ‘എന്റെ കാക്ക പറയുന്നു, നമുക്ക് ഷോപ്പിംഗിന് പോകാം, എനിക്ക് 500 രൂപ കിട്ടി.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഒരു കാലിത്തൊഴുത്തില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. തൊഴുത്തിന്റെ സൈഡിലെ ഒരു മരക്കുറ്റിയില്‍ ഒരു സ്ത്രീ 500 രൂപയുടെ നോട്ട് വയ്ക്കുന്നു. പിന്നാലെ ഒരു കാക്ക അത് കൊത്തിക്കൊണ്ട് പറന്നു പോകുന്നു. തുടർന്ന് ആ സ്ത്രീ കാക്കയില്‍ നിന്നും തന്റെ 500 രൂപ തിരികെ വാങ്ങുന്നതിനായി പല സാധനങ്ങള്‍ കാക്കയ്ക്ക് നല്കി പ്രലോഭിക്കുന്നു.
ആദ്യം ഒരു കഷ്ണം തണ്ണിമത്തന് നല്കുന്നു. എന്നാല്‍ കാക്കയ്ക്ക് തണ്ണിമത്തൻ ഇഷ്ടപ്പെട്ടില്ല. കാക്ക അത് താഴേക്ക് കൊത്തി ഇടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
പിന്നാലെ ഒരു മുന്തിരി നല്കുമ്പോള് കാക്ക അത് വാങ്ങാനായി തന്റെ കൊക്കിലിരുന്ന 500 ന്റെ നോട്ട് കാല് വിരലുകള്‍ക്കിടയില്‍ തിരുകിവച്ചു. കാക്ക മുന്തിരി കൊത്തിയെടുക്കുന്ന സമയത്ത് സ്ത്രീ അതിന്റെ വിരലുകള്‍ക്കിടയില്‍ നിന്നും 500 രൂപയുടെ നോട്ട് വലിച്ചെടുക്കുന്നു. അതോടെ വീഡിയോ അവസാനിക്കുന്നു.