പെരിന്തല്‍മണ്ണ: സ്ത്രീവേഷത്തില്‍ വിവാഹപ്പന്തലിലെത്തിയ യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് വിവാഹത്തിനെത്തിയ ആളുകള്‍ തല്ലിച്ചതച്ചു. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു സംഘം ആളുകള്‍ തന്നെ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖിന്റെ വാദം. ഷഫീഖ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനാണ് പെരിന്തല്മണ്ണയിലെത്തിയതെന്നും, ഇതിനിടെ ഒരു സംഘം ആളുകള്‍ ബാഗ് തുറന്ന് ചുരിദാര്‍ എടുക്കുകയും നിര്‍ബന്ധിച്ച് ധരിപ്പിക്കുകയും അതിനു ശേഷം തന്നെ ഓഡിറ്റോറിയത്തിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ഷഫീഖിന്റെ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കള്ളനെന്ന് ആരോപിച്ച് വിവാഹത്തിനെത്തിയവര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഷഫീഖ് പറയുന്നു. എന്നാല്‍ ഷഫീഖിന്റെ വാദം പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.