ശബരിമല: ശബരിമല ക്ഷേത്രത്തില് ദര്ശന സമയം ഇനി വര്ധിപ്പിക്കാനാകില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. അയപ്പഭക്തരുടെ തിരക്കു പരിഗണിച്ച് നിലവില് ഒരു മണിക്കൂര് ദർശനസമയം ദീർഘിപ്പിച്ചിട്ടുണ്ടെന്നും തന്ത്രി പറഞ്ഞു.
ഇന്നലെ സന്നിധാനത്ത് തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ നിരവധി ഭക്തർക്കു പരിക്കുപറ്റിയ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി ദർശനം ഒരു മണിക്കൂർ ദീർഘിപ്പിക്കാൻ ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.
അതേസമയം, ഇന്നലെതന്നെ ദർശനസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചതിനാൽ ഇനി വർധിപ്പിക്കാൻ ഇടയില്ല.ഇതിനിടെ പതിനെട്ടാംപടിയില് ഉണ്ടാകുന്ന കാലതാമസമാണ് തിരക്ക് അധികമാകാന് കാരണമെന്ന ആക്ഷേപം ഉയരുന്നുണ്ട്.
മിനിട്ടില് 70 തീര്ഥാടകരെയെങ്കിലും കയറ്റിവിടാന് കഴിയണം. ഡ്യൂട്ടിയിലുള്ള പോലീസിനാണ് ഇതിന്റെ ചുമതല. പുതിയ പോലീസ് ബാച്ച് ചുമതലയേറ്റതിനുശേഷം മിനിട്ടില് 45 – 50 തീര്ഥാടകരെ മാത്രമാണ് കയറ്റാനാകുന്നത്. നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം 70 തീര്ഥാടകരെ വരെ കയറ്റിവിട്ടിരുന്നു.
മുഖ്യമന്ത്രി യോഗം വിളിച്ചു
ശബരിമലയില് തിരക്ക് വര്ധിച്ച സാഹചര്യത്തില് പ്രതിദിന വെര്ച്വല് ക്യൂ ബുക്കിംഗ് ഒരു ലക്ഷമായി പരിമിതപ്പെടുത്തിയേക്കും.
ഇതു സംബന്ധിച്ചു പോലീസ് നല്കിയ നിര്ദേശം ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്ത്തിട്ടുള്ള യോഗം പരിഗണിക്കും. പ്രതിദിന ബുക്കിംഗ് 85000 ആയി പരിമിതപ്പെടുത്തണമെന്നാണ് പോലീസ് നിര്ദേശം.
ഇന്നും കഴിഞ്ഞ ദിവസങ്ങളിലും ഒരുലക്ഷത്തിനു മുകളില് ബുക്കിംഗ് എത്തിയ സാഹചര്യത്തിലാണ് ഇത്. ബുക്കിംഗ് ഒരു ലക്ഷം ഉണ്ടെങ്കിലും പ്രതിദിനം എത്തുന്നവരുടെ എണ്ണം അത്രയും ഉണ്ടാകുന്നില്ല.
ബുക്കിംഗില് നിന്ന് 20000 പേരെങ്കിലും കുറവായാണ് എത്തുന്നത്. തിരക്ക് വര്ധിച്ചതോടെ ദര്ശന സമയം അരമണിക്കൂര് കൂടി വര്ധിപ്പിച്ചിട്ടുണ്ട്.
തിരക്കുള്ള ദിവസങ്ങളില് രാത്രി 11.30നു മാത്രമേ ഇനി നട അടയ്ക്കുകയുള്ളൂ. ഇന്ന് 1,07,260 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ദര്ശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതല് ക്രമീകരണങ്ങള് ഏര്പ്പെടുത്തുന്നതും യോഗത്തില് ചര്ച്ച ചെയ്യും.