ന്യൂഡൽഹി: പ്രളയക്കെടുതിയിലായ കേരളത്തെ കൈപിടിച്ചുയർത്താൻ 700 കോടി ധനസഹായം പ്രഖ്യാപിച്ച് യുഎഇക്ക് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കയ്യടി. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ആണ് സോഷ്യൽ മീഡിയയിലെ താരം.
അവശ്യസമയത്ത് ഒപ്പം നിന്നതിനുള്ള നന്ദിപ്രകടനവും പോസ്റ്റുകളിൽ കാണാം. താങ്ക്യു യുഎഇ, ടുഗതർ ഫോർ കേരള എന്നീ ഹാഷ്ടാഗുകളും പ്രചരിക്കുന്നുണ്ട്.
ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാന്റെ ഫേസ്ബുക്കിൽ ബക്രീദ് ആശംസകളും മലയാളികൾ നേർന്നിട്ടുണ്ട്. പ്രളയബാധിതരെ സഹായിക്കാൻ ദേശീയ അടിയന്തര സമിതിക്കും യുഎഇ സർക്കാർ രൂപം നൽകിയിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങൾ നൽകുന്ന സഹായം വേണ്ടെന്ന തീരുമാനം കേന്ദ്ര സർക്കാർ എടുത്തതോടെയാണ് പ്രതിഷേധവുമായി ആളുകൾ എത്തിയത്.
യുഎഇ സർക്കാരിന്റെ ഭീമമായ തുക നിഷേധിച്ചതോടെ കേന്ദ്രസർക്കാരിനെതിരേ വ്യാപക വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.നരേന്ദ്ര മോദിയുടെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിൽ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കമന്റായാണ് മലയാളികൾ പ്രതിഷേധം രേഖപ്പെടുത്തുന്നത്.
അന്പതിനായിരത്തിലേറെ ആളുകളാണ് മോദിയെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. പ്രളയത്തിൽ നിരവധി പശുക്കൾ ചത്തിട്ടുണ്ടെന്നും അതിന്റെ പേരിലെങ്കിലും സഹായിക്കണമെന്നാണ് ചില കമന്റുകൾ. മലയാളത്തിലും ഇംഗ്ലീഷിലും കമന്റുകൾ ഇടുന്നുണ്ട്.
അതേസമയം കേരളത്തിനു വിദേശ സഹായം സ്വീകരിക്കാൻ തടസമില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഒരു രാജ്യവും ഇതുവരെ ഒൗദ്യോഗികമായി സഹായം വാഗ്ദാനം ചെയ്തിട്ടില്ല. വിവിധ സംഘടനകളും ഫൗണ്ടേഷനുകളുമാണ് സഹായം വാഗ്ദാനം ചെയ്തത്.
ഈ സഹായങ്ങൾ നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് കേരളത്തിനു സ്വീകരിക്കാമെന്ന് എൻഡിടിവി പറയുന്നു. ഇക്കാര്യം ഖലീജ് ടൈംസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുഎഇയിൽനിന്നാണ് പ്രധാനമായും വിദേശ സഹായ വാഗ്ദാനം ഉണ്ടായത്. ഇവിടെനിന്നും 700 കോടി രൂപയാണ് നൽകാമെന്ന് അറിയിച്ചത്. യുഎഇക്കും ഖത്തറിനും പുറമേ മാലി, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നു സഹായ വാഗ്ദാനം ചെയ്തിരുന്നു.
കേരളവും ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധംകൂടി കണക്കിലെടുത്ത് ഒടുവിൽ കേന്ദ്രം വഴങ്ങുമെന്ന പ്രതീക്ഷയിലാണു സംസ്ഥാനം. ഗൾഫിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ 80 ശതമാനവും മലയാളികളാണ്.