പിറവം: പിറവത്ത് കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നത് നാട്ടുകാരിൽ ആശങ്കയുളവാക്കുന്നു. പാഴൂർ കല്ലുമാരിക്ക് സമീപമാണ് കഴിഞ്ഞ രണ്ടാഴ്ചയോളമായി കാക്കകൾ ചത്തു വീഴുന്നത്.
കല്ലുമാരിയിൽ ചേന്പാലയിൽ വിനോദിന്റെ പുരയിടത്തിലെ ആഞ്ഞിലിമരത്തിലാണ് കാക്കകൾ കൂടുതലായും തന്പടിക്കുന്നത്. ഇതിന്റെ ചുവട്ടിലാണ് കാക്കകൾ ചത്തുകിടക്കുന്നതു കണ്ടത്. കഴിഞ്ഞ രണ്ടാഴ്ചയായി ഒന്നും രണ്ടുമൊക്കെ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെടാറുണ്ടെങ്കിലും കാര്യമാക്കിയില്ല. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി നിരവധി കാക്കകൾ ചത്തതോടെയാണ് ആശങ്ക പരന്നത്.
ചത്തുവീഴുന്ന കാക്കകൾ ഉടനെ ഉണങ്ങിപ്പോകുന്ന അവസ്ഥയിലാണ്. സംഭവത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. ഇന്നലെ എറണാകുളം റീജണൽ ക്ലിനിക്കൽ ലബോറട്ടറിയിലെ വെറ്ററിനറി സർജൻ ആർ. ഉണ്ണികൃഷ്ണൻ, എപ്പിഡമോളജിസ്റ്റ് കെ. റസീന എന്നിവർ കല്ലുമാരിയിൽ എത്തിയിരുന്നു. ചത്തുവീണ കാക്കകളെ പരിശോധിക്കുകയും ആന്തരിക അവയവങ്ങൾ കൂടുതൽ പരിശോധനയക്കായി ശേഖരിക്കുകയും ചെയ്തു.
പ്രാഥമിക പരിശോധനയിൽ കാക്കകൾ ചത്തതിന്റെ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് സർജൻ പറഞ്ഞു. കാക്കകൾ ചത്ത് ഏറെ താമസിയാതെ ഉണങ്ങിപ്പോകുന്നതാണ് പ്രശ്നം. സമീപ പുരയിടങ്ങളിലും ഇവ ചത്തുവീഴുന്നതായും പറയുന്നുണ്ട്. ഇവിടെയടുത്തുള്ള കിണറുകളിലെയും സമീപത്തെ പുഴയിലെയും വെള്ളം പരിശോധനയ്ക്കായി അധികൃതർ ശേഖരിച്ചിട്ടുണ്ട്.