കണ്ണൂർ: ഗവർണറുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ സിആർപിഎഫ് സേനാംഗങ്ങളുടെ അരയിലുള്ളത് കളിത്തോക്കല്ല. എസ്എഫ്ഐക്കാരെ ഇളക്കിവിട്ട് എം.വി. ഗോവിന്ദൻ അതെടുപ്പിക്കാൻ പ്രേരിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ഭരണപരാജയം മറച്ചുവയ്ക്കാൻ എസ്എഫ്ഐക്കാരെ ഗവർണർക്കെതിരെ ഇളക്കിവിടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചെയ്യുന്നത്. സിആർപിഎഫ് വന്നാലും ഗവർണറെ വിടില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്.
ഭരണഘടനാപരമായി ഗവർണറെ പ്രവർത്തിക്കാൻ അനുവദിക്കാതെ കലാപമുണ്ടാക്കാനാണ് ശ്രമം നടത്തുന്നത്. സർവകലാശാലകളുടെ പരമാധികാരി ചാൻസലറായ ഗവർണറാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ ചട്ടങ്ങളും പാലിച്ച് ഗവർണർ സർവകലാശാലകളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ തടസപ്പെടുത്തി ഗവർണറെ ശാരീരികമായി ആക്രമിക്കാനുള്ള നീക്കങ്ങളിൽനിന്നും എസ്എഫ്ഐക്കാരോട് പിന്മാറാൻ ഗോവിന്ദൻ തന്നെ പറയുന്നതായിരിക്കും നല്ലത്.
ഗവർണറെ ആക്രമിക്കാൻ വന്നാൽ എന്താ നടക്കുകയെന്നു പോലും ഗോവിന്ദന് അറിയില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.