കെ.കെ.അർജുനൻ
തൃശൂർ: ഇവിടം സ്വർഗമാണ്…ഞങ്ങളെല്ലാം സന്തുഷ്ടരാണ്… ജനവിധി കാത്തുസൂക്ഷിച്ചിരിക്കുന്ന തൃശൂർ എൻജിനീയറിംഗ് കോളജിലെ സ്ട്രോംഗ് റൂമുകൾക്കു കഴിഞ്ഞ ഒരുമാസമായി കാവൽ നിൽക്കുന്ന സിആർപിഎഫ് സേനാംഗങ്ങൾ നിറഞ്ഞ ചിരിയോടെ പറയുന്നു.
വോട്ടുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിലായ അന്നുമുതൽ ഇവർ എൻജിനീയറിംഗ് കോളജിൽ കാവലുണ്ട്. സ്ട്രോംഗ് റൂമിനു മുന്നിൽ നിതാന്തജാഗ്രതയോടെ തോക്കുമേന്തി കാവൽ നിൽക്കുന്പോൾ അവർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് കേരള പോലീസും കൈയടി നേടുന്നു.
നൂറിനടുത്ത് സിആർപിഎഫ് സേനാംഗങ്ങളും ഉയർന്ന ഉദ്യോഗസ്ഥരും എൻജിനീയറിംഗ് കോളജിൽ കാവലിനും സുരക്ഷാ മേൽനോട്ടത്തിനുമായുണ്ട്. സ്ട്രോംഗ് റൂമുകൾക്കുപുറത്ത് സിആർപിഎഫും കെട്ടിടത്തിനു ചുറ്റും കേരള പോലീസും കാവൽ നിൽക്കുന്നു.
കേരള പോലീസിനുള്ള ഭക്ഷണം പോലീസ് ക്യാന്പിൽനിന്നാണ് എത്തിക്കുന്നത്. സിആർപിഎഫുകാർക്കുള്ള ഭക്ഷണം എൻജിനീയറിംഗ് കോളജിൽ പ്രത്യേക മെസ് ഒരുക്കിയാണ് തയാറാക്കുന്നത്. ഇതിനായി നാലു പാചകവിദഗ്ധർ ഉത്തരേന്ത്യയിൽനിന്നെത്തിയിട്ടുണ്ട്. മെസിലേക്കാവശ്യമായ പച്ചക്കറികളും ഗോതന്പടക്കമുള്ള പലവ്യഞ്ജനങ്ങളും പാചകവാതകവുമെല്ലാം കേരള പോലീസാണ് വിതരണം ചെയ്യുന്നത്.
സിആർപിഎഫുകാർക്കുള്ള ചപ്പാത്തിയും ദാലും അടക്കമുള്ള ഉത്തരേന്ത്യൻ വിഭവങ്ങളാണ് മെസിൽ ഉണ്ടാക്കുന്നത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾപോലും ഡ്യൂട്ടിക്കിടെ കിട്ടാറില്ലെന്നും എന്നാൽ ഇവിടെ കേരളത്തിൽ എല്ലാ സൗകര്യങ്ങളും തങ്ങൾക്കു ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സിആർപിഎഫുകാർ പറഞ്ഞു.
താമസിക്കാൻ വെള്ളവും വെളിച്ചവുമുള്ള വലിയ കെട്ടിടം, രാവിലെ മുടങ്ങാതെ വ്യായമം ചെയ്യാൻ എൻജിനീയറിംഗ് കോളജിലെ വിശാലമായ ഗ്രൗണ്ട് തുടങ്ങിയ സൗകര്യങ്ങളെല്ലാം തങ്ങൾക്കേറെ സഹായകമായെന്ന് ഇവർ പറയുന്നു.
ഇതെല്ലാം ഒരുക്കിത്തന്ന കേരള പോലീസിനും മറ്റു അധികൃതർക്കും നന്ദി പറയാനും ഇവർ മടിക്കുന്നില്ല.
ജനവിധിയറിയുംവരെ ഇവർ ഇവിടെയുണ്ടാകും….