മുംബൈ: ക്രൂഡ് ഓയിൽ വിലക്കയറ്റം രാജ്യത്തിന്റെ വിദേശനാണ്യ ഇടപാടുകളെ സാരമായി ഉലയ്ക്കുന്നു. സെപ്റ്റംബറിലവസാനിച്ച മൂന്നു മാസം വരവിനേക്കാൾ 1910 കോടി ഡോളർ ഇന്ത്യക്കു ചെലവാക്കേണ്ടിവന്നു. കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) എന്നറിയപ്പെടുന്ന ഇതു മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി)ത്തിന്റെ 2.9 ശതമാനമായി. തലേ സെപ്റ്റംബറിൽ ഇത് 1.1 ശതമാനമായിരുന്നു.
ഉത്പന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്തും പ്രവാസികൾ നാട്ടിലെ രൂപ അക്കൗണ്ടുകളിലേക്കയച്ചും ടൂറിസം വഴിയും വരുന്ന പണവും ഇറക്കുമതി, വിദേശയാത്ര, വിദേശചികിത്സ, വിദേശപഠനം, മറ്റു സർക്കാർ ആവശ്യങ്ങൾ എന്നിവ വഴി ചെലവാകുന്ന പണവും തമ്മിലുള്ള അന്തരമാണു കറന്റ് അക്കൗണ്ട് കമ്മി.
ഇന്ത്യ സ്ഥിരമായ കമ്മിയിലാണ്. ഇതു നികത്തുന്നതു പ്രവാസികളുടെ വിദേശനാണ്യ നിക്ഷേപം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികളിലും കടപ്പത്രങ്ങളിലും നടത്തുന്ന നിക്ഷേപം, വിദേശകന്പനികളുടെ മൂലധന നിക്ഷേപം, കന്പനികളും സർക്കാരും എടുക്കുന്ന വിദേശവായ്പ എന്നിവ വഴിയാണ്. കമ്മി വർധിക്കുംതോറും തിരിച്ചുകൊടുക്കേണ്ട ബാധ്യത കൂട്ടും. കമ്മി വർധിച്ചാൽ രൂപ ദുർബലമാകും.
വാണിജ്യ കമ്മി 5000 കോടി ഡോളറായതാണു സിഎഡി വർധിക്കാൻ കാരണം. തലേ വർഷം 3250 കോടി ഡോളറായിരുന്നു വാണിജ്യ കമ്മി.പ്രവാസികൾ 2090 കോടി ഡോളർ ജൂലൈ-സെപ്റ്റംബറിൽ നാട്ടിലേക്കയച്ചു. തലേവർഷം ഇതേ കാലത്തേക്കാൾ 19.8 ശതമാനം കൂടുതലാണിത്. വിദേശനിക്ഷേപകർ 160 കോടി ഡോളർ ഇക്കാലത്തു മടക്കിക്കൊണ്ടുപോയി. തലേക്കൊല്ലം ഇതേകാലത്ത് 210 കോടി ഡോളർ ഇവിടെ നിക്ഷേപിച്ചതാണ്.