ലണ്ടൻ: ആഗോള സാന്പത്തിക വളർച്ചയെപ്പറ്റിയുള്ള ആശങ്ക പ്രബലമായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില വീണ്ടും താണു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 50 ഡോളറിൽ താഴെയാണു തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ബുധനാഴ്ച വ്യാപാരത്തുടക്കത്തിൽ 49.93 ഡോളർവരെ താണു. 2017 ജൂലൈക്കു ശേഷം വില ഇത്രയും താഴുന്നത് ആദ്യമാണ്.അമേരിക്കൻ ഇനം (ഡബ്ല്യുടിഐ) ക്രൂഡിനു ചൊവ്വാഴ്ച 42.53 ഡോളർ വരെ താണു. ബുധനാഴ്ച അതിന്റെ വില 43.27 ഡോളറിലേക്കു കയറി.
ഇന്ത്യ വാങ്ങുന്ന ക്രൂഡിന്റെ വിലയ്ക്ക് ആധാരം ബ്രെന്റ് ഇനത്തിന്റെ വിലയാണ്. ബുധനാഴ്ച ഉച്ചയോടെ അതിന്റെ വില 52 ഡോളറിലേക്കു കയറി.ബുധനാഴ്ചത്തെ കയറ്റം കാര്യമാക്കാനില്ലെന്നും വില ഇനിയും താഴുമെന്നുമാണ് പെട്രോളിയം വിപണിയെ വിലയിരുത്തുന്നവർ പറയുന്നത്.
ഉത്പാദനക്കൂടുതലിന്റെ പേരിലല്ല വില കൂടുന്നത്. അമേരിക്കയിലും യൂറോപ്പിലും ചൈനയിലും സാന്പത്തികവളർച്ചയുടെ തോത് കുറയുമെന്ന ആശങ്കയാണ് ഇപ്പോൾ വിപണിയെ നയിക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കങ്ങളും നടപടികളും ഉയർത്തുന്ന ആശങ്കകൾ പുറമേയാണ്. തിങ്കളാഴ്ച അമേരിക്കൻ ഓഹരിസൂചികകൾ മൂന്നുശതമാനത്തോളം ഇടിഞ്ഞത് ഇതുമൂലമാണ്.
യുഎസ് ഫെഡറൽ റിസർവ് ബോർഡി(ഫെഡ്)നെതിരേ ട്രംപ് തിങ്കളാഴ്ച കടുത്ത വിമർശനം അഴിച്ചുവിട്ടു. അമേരിക്കൻ സന്പദ്ഘടന നേരിടുന്ന ഏകപ്രശ്നം ഫെഡ് ആണെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ കന്പോളങ്ങൾ ഇടിയുകയായിരുന്നു.
ചൈനയുമായുള്ള യുഎസ് വ്യാപാരത്തർക്കവും വളർച്ചയെ ബാധിക്കും. ചൈന ഇപ്പോൾത്തന്നെ കുറഞ്ഞ വളർച്ചാനിരക്കിലാണ്. അത് അടുത്തവർഷം അൽപ്പംകൂടി താഴും. ബ്രെക്സിറ്റ് ബ്രിട്ടനിലും യൂറോപ്പിലും വളർച്ചയെ ബാധിക്കും.
വളർച്ച കുറയുന്നത് ക്രൂഡ് ഓയിൽ വില്പനയെ ബാധിക്കുമെന്ന ഭീതിയിലാണ് വിലയിടിവ്. ജനുവരിയിൽ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ഉത്പാദനം കുറയ്ക്കുന്നുണ്ട്. പക്ഷേ അത് ഈ സാഹചര്യത്തിൽ വിലകൂട്ടാൻ ഉതകില്ല.അമേരിക്കൻ ഇനം ക്രൂഡിന്റെ വില 45 ഡോളറിൽ താഴെയായത്. അവിടത്തെ ഷെയ്ൽ ഉത്പാദകർക്കു ക്ഷീണമാകും. ഷെയ്ൽ ഉത്പാദനം നഷ്ടത്തിലാകും എന്നതുതന്നെ കാരണം.