ന്യൂഡൽഹി: ആഗോള ക്രൂഡ് വില ഇന്നലെയും താഴ്ന്നു. ചൈനയുമായി വ്യാപാരയുദ്ധത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തതു മുതൽ ക്രൂഡ് വില താഴേക്കാണ്. ആറു മാസത്തിനിടയിൽ ഏറ്റവും വലിയ പ്രതിമാസ തളർച്ചയിലാണ് ക്രൂഡ് ഇപ്പോൾ. മേയിൽ മാത്രം ബ്രന്റ് ഇനം ക്രൂഡ് പത്തു ശതമാനം താഴ്ന്നപ്പോൾ ഡബ്ല്യുടിഐ ഇനം ക്രൂഡിന്റെ വില 13 ശതമാനമാണ് കുറഞ്ഞത്. 2018 നവംബറിനുശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ തകർച്ചയാണിത്.
ബ്രന്റ് ഇനം ക്രൂഡ് ബാരലിന് 65.72 ഡോളറിലും അമേരിക്കയുടെ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 55.85 ഡോളറിലുമാണ്. അവസാന ഇടപാടിൽ യഥാക്രമം 1.15 ഡോളറും 0.75 ഡോളറുമാണ് യഥാക്രമം താഴ്ന്നത്.
മെക്സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കിൽ മെക്സിക്കോയിൽനിന്നുള്ള എല്ലാ ചരക്കിനും ചുങ്കം ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ക്രൂഡ് വിലയിൽ ഇടിവുണ്ടാകാനുള്ള ഏറ്റവും പുതിയ കാരണം. അമേരിക്കൻ റിഫൈനറികൾ പ്രതിദിനം 6,80,000 ബാരൽ മെക്സിക്കൻ ക്രൂഡ് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറക്കുമതിക്ക് അഞ്ചു ശതമാനം ചുങ്കം ഏർപ്പെടുത്തിയാൽ പ്രതിദിന ഇറക്കുമതിക്ക് 20 ലക്ഷം ഡോളറിന്റെ അധിക ബാധ്യത ഉണ്ടാകും.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിനിടെ മെക്സിക്കോ കൂടി ഉൾപ്പെട്ടത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വ്യാപാരയുദ്ധത്തെത്തുടർന്ന് ചൈനയുടെ ഫാക്ടറി പ്രവർത്തനങ്ങൾ മേയിൽ പ്രതീക്ഷിച്ചതിലും ഇടിഞ്ഞതായാണ് റിപ്പോർട്ട്.