ലണ്ടൻ: പെട്രോളിയം ഉത്പാദനം കുറയ്ക്കാനുള്ള കരാർ അടുത്ത വർഷം മാർച്ച് വരെ നീട്ടാൻ സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചു. ഈ അപ്രതീക്ഷിത പ്രഖ്യാപനം ക്രൂഡ് ഓയിൽ വില രണ്ടര ശതമാനം വർധിപ്പിച്ചു. പ്രതിദിനം 18 ലക്ഷം വീപ്പ എണ്ണ ഉൽപാദനമാണു കുറയ്ക്കുന്നത്.
ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലാണ് ഇരു രാജ്യങ്ങളുടെയും ഊർജമന്ത്രിമാർ ഇതു പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളാണ് ഇവ. രണ്ടു രാജ്യവും ചേർന്നാൽ എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നാകും. പ്രതിദിനം രണ്ടു കോടി വീപ്പ ക്രൂഡ് രണ്ടു രാജ്യങ്ങളും കൂടി ഉത്പാദിപ്പിക്കുന്നു.
മൂന്നാമത്തെ വലിയ ഉത്പാദകരായ അമേരിക്ക ഇപ്പോൾ ദിവസം 93 ലക്ഷം വീപ്പ ക്രൂഡ് ഉത്പാദിപ്പിക്കുന്നു. അമേരിക്ക ഉത്പാദനം കുറയ്ക്കാനുള്ള കരാറിൽ പങ്കാളികളായിട്ടില്ല. എന്നു മാത്രമല്ല, റഷ്യയും സൗദി അറേബ്യ നയിക്കുന്ന ഒപെകും (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ഉത്പാദനം കുറച്ചപ്പോൾ അമേരിക്ക ഉത്പാദനം കൂട്ടി.
റഷ്യ – സൗദി സംയുക്ത നീക്കത്തിന് ഒന്നിലേറെ ഉദ്ദേശ്യങ്ങൾ ഉണ്ട്. ഒന്നാമത്തേത് ഒപെകിലെ ചെറുരാജ്യങ്ങളെ വരുതിയിലാക്കാൻ കൊണ്ടുവരുന്നതാണ്. രണ്ടാമത്തെ ലക്ഷ്യം അമേരിക്കൻ എണ്ണക്കന്പനികളാണ്. കന്പോള നിയന്ത്രണം ഇപ്പോഴും തങ്ങൾക്കാണെന്നു പാശ്ചാത്യരെ അറിയിക്കാനും സൗദി-റഷ്യ സഖ്യം ഉദ്ദേശിക്കുന്നു.
പ്രഖ്യാപനത്തിനു ശേഷം ബ്രെന്റ് ഇനം ക്രൂഡിന്റെ വില വീപ്പയ്ക്ക് 52.16 ഡോളറായി. ഡബ്ല്യുടിഐ ഇനവും 50 ഡോളറിനു മുകളിലെത്തി.