അബുദാബി: ക്രൂഡ് ഓയിൽ ഉത്പാദന നിയന്ത്രണം തുടരുമെന്ന് സൗദി അറേബ്യൻ ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ്. എണ്ണ ഉത്പാദക രാജ്യങ്ങൾ ഈ വർഷം ആദ്യ ആറു മാസത്തേക്ക് ഉത്പാദനത്തിൽ നിയന്ത്രണം തുടരാമെന്ന് സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. മാർക്കറ്റിൽ സ്ഥിരത നിലനിർത്തുന്നതിനു വേണ്ടിയാണ് ഒപെക് രാജ്യങ്ങളുടെ സംയുക്ത തീരുമാനം. ഒപെക്കിൽ അംഗമല്ലാത്ത രാജ്യങ്ങളും ഉത്പാദന നിയന്ത്രണത്തിൽ പങ്കാളികളാകും.
പ്രതിദിനം 18 ലക്ഷം ബാരൽ ക്രൂഡ് കുറയ്ക്കാനാണ് ഉത്പാദകരുടെ തീരുമാനം.ആറു മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നുവെങ്കിലും വിയന്നയിൽ ചേരുന്ന മന്ത്രിമാരുടെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. അടുത്തമാസമാണ് യോഗം.
2017 ജനുവരി മുതലുള്ള മൂന്നു മാസം ഉത്പാദനത്തിൽ നിയന്ത്രണമേർപ്പെടുത്തി വിലയിൽ സ്ഥിരത കൈവരിക്കാനാകുമെന്നായിരുന്നു ഒപെക്കിന്റെ പ്രതീക്ഷ. എന്നാൽ, ഉത്പാദനം കുറച്ചിട്ടും ലക്ഷ്യസാക്ഷാത്കാരം ഉണ്ടായില്ല. ഇതാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചത്.
ജനുവരി മുതൽ പ്രതിദിനം 12 ലക്ഷം ബാരൽ കുറയ്ക്കാമെന്ന് ഒപെക് രാജ്യങ്ങൾ നവംബറിൽ തീരുമാനമെടുത്തിരുന്നു. പിന്നീട് ഡിസംബറിൽ റഷ്യയും നിയന്ത്രണമേർപ്പെടുത്താൻ തയാറായി. പ്രതിദിനം 5.58 ലക്ഷം ബാരൽ ഉത്പാദനം കുറയ്ക്കാമെന്നായിരുന്നു റഷ്യയുടെ തീരുമാനം. 2014 മധ്യത്തോടെ ക്രൂഡ് വില കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോൾ ബാരലിന് 50 ഡോളറിനു മുകളിലാണ്.