ലോകത്തെ കോവിഡ് വിഴുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. അമേരിക്കയില്‍ എണ്ണ വില പൂജ്യത്തിലും താഴ്ന്ന് മൈനസില്‍ എത്തിയിരിക്കുകയാണ്.
ഇന്ന് ക്രൂഡോയില്‍ ഒരു ബാരലിന് വില മൈനസ് 38 ഡോളറിലേക്കാണ് എത്തിയിരിക്കുന്നത്. ഓയില്‍ കമ്പനികളില്‍ നിന്ന് ഓയില്‍ വാങ്ങിക്കുമ്പോള്‍ അവര്‍ക്ക് പണം കൊടുക്കേണ്ടതിനു പകരം അവര്‍ ഇങ്ങോട്ടു പണം തരേണ്ട അവസ്ഥ എന്നു വേണമെങ്കില്‍ പറയാം.
ഓയില്‍ വില കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ പെട്രോള്‍,ഡീസല്‍ വില കുത്തനെ കുറയുമെന്നും ചിലപ്പോള്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ പണം ഇങ്ങോട്ടു കിട്ടുമെന്നും വ്യാപകമായ പ്രചാരണങ്ങളും സജീവമാണ്.
എന്നാല്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ ഇതില്‍ കഴമ്പില്ലെന്നു മനസ്സിലാകും. കാരണം അമേരിക്കയും നമ്മളും ഉപയോഗിക്കുന്നത് രണ്ടു തരത്തിലുള്ള ക്രൂഡോയിലുകളാണ്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ബ്രെന്റ് ക്രൂഡോയിലും അമേരിക്കയുടേത് വെസ്റ്റ് ടാക്സസ് ഇന്റര്‍മീഡിയറ്റ് എന്ന ഡബ്ലുടിഎ ക്രൂഡോയിലുമാണ്.
ബ്രെന്റ് ക്രൂഡോയിലിന്റെ ഇന്നത്തെ വില 25 ഡോളറാണ് എന്നാല്‍ ഡബ്ല്യുഡിഎ ക്രൂഡോയിലിന്റെ വില കുറഞ്ഞത് ആപേക്ഷികമായി ബ്രെന്റിന്റെയും വില കുറച്ചേക്കാം. എന്നാല്‍ പൊതുജനത്തിന് അത് കൊണ്ടു വലിയ പ്രയോജനം ലഭിക്കണമെന്നില്ല.
അമേരിക്കയില്‍ എണ്ണവിലയിലുണ്ടായിരിക്കുന്ന കൂപ്പുകുത്തല്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ്. കോവിഡ് 19നെത്തുടര്‍ന്ന് ഇന്ധന ആവശ്യകത കുറഞ്ഞിട്ടും ഉല്പാദനം നിര്‍ത്താനാവാത്ത അവസ്ഥയാണുള്ളത്.
ആഗോളതലത്തിലുള്ള സപ്ലൈ-ഡിമാന്‍ഡ് സന്തുലിതാവസ്ഥ തകിടംമറിയുന്നത് ക്രൂഡ് ഓയിലിന്റെ വിലയില്‍ പ്രതിഫലിക്കുന്നത് ഇത് ആദ്യമായാണ്. ഉത്പാദനം കുറച്ചില്ലെങ്കില്‍ ആകെ കുഴയുമെന്നു സാരം.
ഇന്ധനവില വളരെ കുറവുള്ള രാജ്യമാണ് അമേരിക്ക ഡബ്ല്യുഡിഎ ക്രൂഡിന്റെ വില കുറഞ്ഞത് ഇന്ധനവില വീണ്ടും കുറയ്ക്കുമെങ്കിലും ശുദ്ധീകരിക്കാനുള്ള ചെലവ്, ഡീലര്‍ കമ്മീഷന് എന്നിവയും കൂടി ഇതില്‍ വരുന്നതോടെ ഇന്ധനം പൂര്‍ണമായും ഫ്രീയായി അമേരിക്കയില്‍ നിന്നു പോലും കിട്ടില്ലെന്ന് ചുരുക്കം.
ക്രൂഡ് ഓയിലിന്റെ വില ബാരലിലാണ് കണക്കാക്കുന്നത്. ഒരു ബാരല്‍ എന്നാല്‍ 159 ലിറ്റര്‍. ഒരു ബാരല്‍ എണ്ണയ്ക്ക് ഇന്നത്തെ വില ഏകദേശം 25 ഡോളര്‍.
അതായത് ഇപ്പോഴത്തെ വിനിമയനിരക്ക് നോക്കിയാല്‍ 1918.20 രൂപ. അങ്ങനെയായാല്‍ ഒരു ലിറ്റര്‍ അസംകൃത എണ്ണയ്ക്ക് 1918.20/159=12.06 രൂപ.
ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ചാല്‍ അതില്‍ നിന്നു ലഭിക്കുന്നതില്‍ 47 ശതമാനം പെട്രോളും 23 ശതമാനം ഡീസലുമാണ്.
ജെറ്റ് ഫ്യുവല്‍, ടാര്‍, എല്‍പിജി തുടങ്ങിയവയാണ് ബാക്കി ലഭിക്കുന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ ശുദ്ധീകരണ ചെലവുള്ള രാജ്യമാണ് ഇന്ത്യ.
രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതിന്റെ മുറയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൂട്ടിയ നികുതി ഇരട്ടിയില്‍ അധികമാണ്.
ഡല്‍ഹിയിലെ പെട്രോള്‍ വില ഏകദേശം 69.59 രൂപയാണ്. എന്നാല്‍ അടിസ്ഥാന വില വെറും 27.96 രൂപ മാത്രമാണ് പിന്നീട് വിവിധ നികുതികളും മറ്റും ചേരുമ്പോഴാണ് ഏകദേശം മൂന്നിരട്ടിയോളം വില വരുന്നത്.
എണ്ണക്കിണറുകളുടെ ഉത്പാദനം നിര്‍ത്താന്‍ കഴിയില്ലെന്നതാണ് മറ്റൊരു സംഗതി. ഇപ്പോള്‍ തന്നെ അമേരിക്കന്‍ എണ്ണപ്പാടങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ വലിയൊരു ഭാഗം അമേരിക്കന്‍ ഗള്‍ഫിലെ തുറമുഖങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഭീമന് ടാങ്കറുകളിലാണ് സൂക്ഷിക്കുന്നത്.
2009ലെ ആഗോള മാന്ദ്യത്തിന്റെ സമയത്താണ് ഇതുപോലെ കടലില്‍ നിര്‍ത്തിയിട്ടിട്ടുള്ള ടാങ്കര്‍ കപ്പലുകളില്‍ വ്യാപകമായ തോതില്‍ എണ്ണ ശേഖരിക്കേണ്ടി വന്നിട്ടുള്ളത്. ഇപ്പോള്‍ അതും നിറഞ്ഞു കവിയുകയാണ്. പിന്നെ എവിടെ സംഭരിക്കും എന്നതാണ് ചോദ്യം.
എണ്ണക്കിണറില്‍ നിന്ന് ഉത്പാദനം ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ താല്‍ക്കാലികമായിപ്പോലും നിര്‍ത്തി വയ്ക്കാനാവില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അതിനാല്‍ തന്നെ എണ്ണയ്ക്ക് നിലവില്‍ ഒരാള്‍ പോലും ആവശ്യക്കാരനായി ഇല്ലെങ്കില്‍ പോലും എണ്ണ ഉത്പാദനം നടന്നു കൊണ്ടിരിക്കും എന്നു ചുരുക്കം.
എന്നാല്‍ ഈ വിലയിടിവ് താല്‍ക്കാലികമാണെന്നും പലരും പറയുന്നുണ്ട്. എന്നാല്‍ എത്ര ദിവസത്തിനകം എണ്ണവില മെച്ചപ്പെടുമെന്ന കാര്യത്തില്‍ ഒന്നും പറയാനാവാത്ത അവസ്ഥയാണെന്നു മാത്രം.