ലോക പര്യടനം നടത്താൻ ഒരു അവസരം വന്നാൽ നിങ്ങൾ അത് തട്ടിക്കളയുമോ? നിങ്ങളെന്നല്ല ആരും ആ അവസരം പൂർണമായി തള്ളിക്കളയില്ല. എന്നാൽ അതിന്റെ ചിലവുകളെ കുറിച്ച് ഓർക്കുന്പോൾ ചെറിയൊരു ആശങ്ക ഉണ്ടാവാറില്ലേ.
അതോർക്കുന്പോഴാകും മിക്കവരും ഒരുതവണ കൂടി യാത്രയെ കുറിച്ച് ആലോചിക്കുന്നത്. എന്നാൽ ചിലവിനെ കുറിച്ചൊന്നും ആശങ്കപ്പെടാതെ വരുന്നിടത്തു വച്ചു കാണാമെന്നുള്ള തീരുമാനത്തിൽ യാത്രയ്ക്കൊരുങ്ങിയ യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള മെറിഡിത്ത് ഷെയ് എന്ന സ്ത്രീയാണ് കപ്പൽ യാത്രയ്ക്ക് ഒരുങ്ങിയത്. ‘ലൈഫ് അറ്റ് സി’ എന്ന ക്രൂയിസിൽ ആയിരം യാത്രക്കാർക്ക് ഒപ്പമായിരുന്നു ഇവരുടെ സ്വപ്നയാത്ര.
മൂന്ന് വർഷം കൊണ്ട് 135 രാജ്യങ്ങൾ സന്ദർശിച്ചു കൊണ്ടുള്ള ലോക പര്യടനമായിരുന്നു അത്. ഇതിനുവേണ്ടി മെറിഡിത്ത് നാല് കോടി രൂപ മുടക്കി കപ്പലിന്റെ ഏഴാം നിലയിലെ ഒരു ബാൽക്കണി ക്യാബിൻ ബുക്ക് ചെയ്തു. പണം കണ്ടെത്തുന്നതിനായി കയ്യിലുണ്ടായിരുന്ന സന്പാദ്യവും സ്വന്തം വീടും പറന്പുമെല്ലാം ഇവർ വിറ്റു.
വീട്ടിലുണ്ടായിരുന്ന സാധനങ്ങളും മറ്റുമായി തെരുവിലേക്ക് താമസം മാറുകയും ചെയ്തു. യാത്രയോട് അനുബന്ധിച്ച ദിവസമടുത്തപ്പോൾ ഉണ്ടായിരുന്ന ജോലിയും ഇവർ രാജിവച്ചു. എന്നാൽ പെട്ടെന്നാണ് ഒരു ട്വിസ്റ്റ് ഉണ്ടായത്.
കപ്പൽ ലോക പര്യടനം പൂർണമായും റദ്ദാക്കിയിരിക്കുന്നു. ഇതിനായി മുടക്കിയ തുക മൂന്ന് തവണകളായി ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്നാണ് ‘ലൈഫ് അറ്റ് സീ കപ്പൽ കമ്പനിയായ ‘മൈർ ക്രൂയിസ്’ ഉടമ വേദത് ഉഗ്രുലു ഇപ്പോൾ ഉറപ്പ് നൽകിയിരിക്കുന്നത്. എന്തായാലും തോറ്റു പിൻമാറാൻ യുവതി തയാറല്ല. കാത്തിരിക്കുമെന്നാണ് അവരിപ്പോൾ പറയുന്നത്.