ലണ്ടൻ: ക്രൂഡ് ഓയിൽ വില വീണ്ടും കയറുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ വീപ്പയ്ക്ക് 60 ഡോളറിനു മുകളിലെത്തി. നാലാഴ്ചയ്ക്കുള്ളിലെ ഏറ്റവും കൂടിയ വിലയാണിത്.രണ്ടാഴ്ച മുന്‍പത്തെ അപേക്ഷിച്ച് ക്രൂഡ് വില 20 ശതമാനത്തോളം കയറിയിട്ടുണ്ട്. എന്നാൽ, ഒക്ടോബർ പകുതിയിലെ വിലയിൽനിന്ന് 26 ഡോളർ താഴെയാണ് ഇപ്പോഴത്തെ വില.
അമേരിക്കയും ചൈനയും തമ്മിൽ നടത്തുന്ന വ്യാപാര ചർച്ചകൾ രമ്യമായ ഒത്തുതീർപ്പിലേക്കു വഴിതെളിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് ക്രൂഡ് വില കൂടാൻ കാരണം. യുഎസ് -ചൈന വ്യാപാരയുദ്ധം വളർച്ചയെ ബാധിക്കുമെന്ന ആശങ്ക പൊതുവെ അകന്നിട്ടുണ്ട്.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഉത്പാദനം കുറച്ചതും വില കൂടാൻ സഹായിച്ചു. ദിവസേന 12 ലക്ഷം വീപ്പ ഉത്പാദനമാണു കുറയ്ക്കുക. വില വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഒപെകിനുള്ളത്. ഒപെകിൽ അംഗമല്ലെങ്കിലും റഷ്യയും ഉത്പാദനം കുറയ്ക്കും.
അമേരിക്ക, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ക്രൂഡ് ഉത്പാദനത്തിൽ ഇപ്പോൾ ലോക ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ വഹിക്കുന്നത്.
ബ്രെന്റ് ഇനത്തിനൊപ്പം അമേരിക്കൻ ഇനം (ഡബ്ല്യുടിഐ) ക്രൂഡിനു വില കുറച്ചു. 50 ഡോളറിന്റെ മുകളിലേക്കാണു വില കയറിയത്. ക്രൂഡ് വില വീണ്ടും കയറുന്നതു രൂപയ്ക്കു ക്ഷീണമായി. ഡോളറിന് ഇന്നലെയും വില കയറി. ഡോളറിന്റെ നിരക്ക് ഇന്നലെ 70.46 രൂപയായി. തലേ ദിവസത്തേക്കാൾ 26 പൈസ കൂടുതലാണിത്.