മുംബൈ: ഈ വർഷത്തെ ഏറ്റവും മോശം ദിനമായിരുന്നു ഓഹരികൾക്ക് ഇന്നലെ. സെൻസെക്സ് 495.1 പോയിന്റ് താണ് 38,645.18ലും നിഫ്റ്റി 158.35 പോയിന്റ് ഇടിഞ്ഞ് 11,594.45ലും ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില കുത്തനെ കയറിയതാണു കന്പോളത്തിലെ ആശങ്കയുടെ പ്രധാന കാരണം. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 74.31 ഡോളർ ആയി. തലേ വ്യാപാര ദിനത്തിൽനിന്ന് 3.3 ശതമാനം അധികം. അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ ക്രൂഡ് ഇനിയും ഉയരുമെന്നു പലരും മുന്നറിയിപ്പ് നല്കുന്നു.
ഇറാന്റെ ക്രൂഡ് വാങ്ങാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അമേരിക്ക നല്കിയ ഒഴിവ് മേയ് രണ്ടിന് അവസാനിക്കും. ഈ ഒഴിവ് നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ഒപെകി(പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന)ലെ നാലാമത്തെ വലിയ ക്രൂഡ് ഉത്പാദകരാണ് ഇറാൻ. അവർ വിപണിയിൽനിന്നു വിട്ടുനില്ക്കേണ്ടിവന്നാൽ പ്രതിദിനം 23 ലക്ഷം വീപ്പ ക്രൂഡിന്റെ ലഭ്യതയാണു കുറയുക.
ഇതിനിടെ അമേരിക്കയിൽ ക്രൂഡ് ഉത്പാദനം കുറഞ്ഞിട്ടുണ്ട്. യുഎസിൽ പ്രവർത്തിക്കുന്ന റിഗ്ഗുകളുടെ എണ്ണം കുറഞ്ഞതാണു കാരണം. ക്രൂഡ് വില വീപ്പയ്ക്ക് 80 ഡോളറിൽ എത്തുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യം ഇന്ത്യക്കു ദോഷകരമാണെന്നു കന്പോളം വിലയിരുത്തുന്നു. ക്രൂഡ് വില കൂടുന്നത് രൂപയുടെ വിനിമയ നിരക്ക് വീണ്ടും താഴ്ത്തും.
ഇന്നലെ എണ്ണക്കന്പനികളുടെയും റിലയൻസിന്റെയും വില ഗണ്യമായി ഇടിഞ്ഞു. ബാങ്കുകൾക്കും ഇന്നലെ തകർച്ചയുടെ ദിനമായിരുന്നു. ജെറ്റ് എയർവേസിനെ വാങ്ങാൻ ആരും ഉണ്ടായില്ലെങ്കിൽ പൊതുമേഖലാ ബാങ്കുകൾക്ക് 8100ൽപ്പരം കോടി രൂപയുടെ കിട്ടാക്കടം വഹിക്കേണ്ടിവരും.
ഇപ്പോഴത്തെ സൂചന ജെറ്റിനെ വാങ്ങാൻ താത്പര്യമെടുത്തിരുന്ന ഗ്രൂപ്പുകൾ പിന്മാറി എന്നാണ്. ജെറ്റിലെ പരിചയസന്പന്നരായ ജീവനക്കാരെയും പൈലറ്റുമാരെയും മറ്റു കന്പനികൾ റാഞ്ചിക്കൊണ്ടിരിക്കുകയാണ്.