ലണ്ടൻ/മുംബൈ: വ്യത്യസ്ത കാരണങ്ങളാൽ ക്രൂഡ് ഓയിലും സ്വർണവും ലോകവിപണിയിൽ കുതിച്ചു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 65 ഡോളറിനു മുകളിൽ കയറി. സ്വർണമാകട്ടെ ഔൺസി(31.1ഗ്രാം)ന് 1318 ഡോളറിനു മുകളിലായി. രണ്ട് ഉത്പന്നങ്ങളും കുറേക്കൂടി ഉയരുമെന്നു നിരീക്ഷകർ പറയുന്നു.
സൗദി അറേബ്യയും മറ്റു ചില ഒപെക് രാജ്യങ്ങളും ക്രൂഡ് ഉത്പാദനം കുറച്ചു. കുറവ് പ്രതീക്ഷിച്ചതിലും കൂടുതലായി. മാർച്ചിൽ സൗദി ഉത്പാദനം പ്രതിദിനം അഞ്ചു ലക്ഷം വീപ്പകൂടി കുറയ്ക്കുമെന്നാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. ഒക്ടോബറോടെ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ഉത്പാദനം പ്രതിദിനം 25 ലക്ഷം വീപ്പ വീതം കുറയ്ക്കുമെന്നാണ് ഇപ്പോൾ നിരീക്ഷകർ കരുതുന്നത്. ക്രൂഡ് വില വീപ്പയ്ക്ക് 70 ഡോളറാകും ഇക്കൊല്ലത്തെ ശരാശരി വില എന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് നടത്തുന്ന പ്രവചനം.
ഒപെക് ഉത്പാദനം കുറയ്ക്കുന്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഉത്പാദകരായ റഷ്യയും കുറവ് വരുത്തുന്നുണ്ട്. വെനസ്വേലയും ഇറാനും എണ്ണ വിൽക്കുന്നതിന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം നാൾചെല്ലുംതോറും കർശനമാക്കി വരികയുമാണ്.
എന്നാൽ, ഏറ്റവും വലിയ ഉത്പാദകരായ അമേരിക്കയുടെ ക്രൂഡ് ഉത്പാദനം വർധിക്കുന്നതു വിപണിയിൽ സ്വാധീനം ചെലുത്തും. ഷെയ്ൽ വാതകത്തിൽനിന്നുള്ള പെട്രോളിയം ലഭ്യത കൂടിയതാണു കാരണം. 2018ൽ യുഎസ് ഉത്പാദനം പ്രതിദിനം 119 ലക്ഷം വീപ്പയായി വർധിച്ചിരുന്നു. 99 ലക്ഷത്തിൽനിന്നാണ് ഇതിലെത്തിയത്. ഈ വർഷത്തെ ശരാശരി ഉത്പാദനം പ്രതിദിനം 130 ലക്ഷം വീപ്പ ആകുമെന്നാണു പ്രതീക്ഷ.
ലോകം ചെറിയൊരു സാന്പത്തിക മാന്ദ്യത്തിലേക്കു പോകുമെന്ന വിലയിരുത്തലാണ് സ്വർണവില കയറുന്നതിനു പിന്നിൽ. വളർച്ചത്തോത് കുറഞ്ഞാൽ അമേരിക്ക പലിശ കൂട്ടില്ല. വളർച്ച കുറയുന്നത് ഓഹരിവിപണിയിൽനിന്ന് പണം സ്വർണവിപണിയിലേക്കു വരാൻ കാരണമാകും. പലിശകൂടാതിരിക്കുന്പോൾ കടപ്പത്രങ്ങൾക്കും ഡിമാൻഡ് കുറയും. അതാണു സ്വർണത്തെ മേലോട്ടുകയറ്റുന്നത്.
ഇന്ത്യയിൽ അവധിവിപണിയിൽ സ്വർണവില 10 ഗ്രാമിന് 252 രൂപ കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ വർധിച്ച് 24,640 രൂപയായി.ഇന്ത്യൻ ഓഹരികൾക്ക് ഇന്നലെയും ക്ഷീണമായിരുന്നു. സെൻസെക്സ് 365 പോയിന്റ് താണ് 35,510.97 വരെ എത്തിയിട്ട് 35,808.95ൽ ക്ലോസ് ചെയ്തു. തലേദിവസത്തേക്കാൾ 67.27 പോയിന്റ് കുറവ്. ഏഴു ദിവസം കൊണ്ട് സെൻസെക്സിനുള്ള നഷ്ടം 1165 പോയിന്റ്. നിഫ്റ്റി ഇന്നലെ 21.65 പോയിന്റ് താണ് 10,724.4ൽ ക്ലോസ് ചെയ്തു. വലിയ ഓഹരികളെ അപേക്ഷിച്ച് ഇടത്തരം ഓഹരികൾക്കു കൂടുതൽ താഴ്ച ഉണ്ടാകുന്നുണ്ട്.