ബെയ്ജിംഗ്: അമേരിക്ക ഇറാനെതിരേ ചുമത്തിയ ഉപരോധം തള്ളി ചൈന. കഴിഞ്ഞ ദിവസം ഉപരോധം നിലവിൽ വന്നതോടെ ഇറാനുമായുള്ള വ്യാപാര നിയന്ത്രണമാണ് ചൈന എതിർത്ത് രംഗത്തെത്തിയത്.
ഇറാനിൽനിന്നുതന്നെ ക്രൂഡ് വാങ്ങുമെന്ന നിലപാടാണ് ചൈന ഇന്നലെ സ്വീകരിച്ചത്. ഇറാന്റെ ക്രൂഡ് കയറ്റുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയത്. ഇതേത്തുടർന്ന് കഴിഞ്ഞ മേയ് മുതൽ ഇറാനിൽനിന്നുള്ള ക്രൂഡ് കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു.
ഇറാനിൽനിന്ന് ക്രൂഡ് വാങ്ങുന്ന ഇന്ത്യയും ജപ്പാനും തുർക്കിയും ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്ക് താത്കാലിക ഇളവും അമേരിക്ക നല്കിയിട്ടുണ്ട്. പെട്ടെന്ന് ഇറക്കുമതിക്ക് കുറവുണ്ടായാൽ ഈ രാജ്യങ്ങളുടെ സാന്പത്തികനിലയെത്തന്നെ സാരമായി ബാധിക്കുമെന്നതിനാലാണ് ഈ താത്കാലിക ഇളവ്.
ഒരു അന്താരാഷ്ട്ര നിയമമുണ്ടാക്കാൻ ചൈന ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ തുടങ്ങിയ രാജ്യങ്ങളുള്ള സംഗ്രഹകർമപരിപാടിയിൽ 2015ൽ ചൈന ഒപ്പുവച്ചിരുന്നു. എന്നാൽ, ഈ വർഷം ആദ്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയുടെ അംഗത്വം എടുത്തുകളഞ്ഞു.