കിഴക്കമ്പലം: നവീകരിച്ച അമ്പലമുകൾ കുഴിക്കാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പരിസരം മാലിന്യങ്ങൾ നിറഞ്ഞ് സാമൂഹ്യ വിരുദ്ധരുടെ താവളമായിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്തധികൃതർ.
ആഴ്ച്ചകൾക്ക് മുമ്പ് ഉദ്ഘാടനം നടത്തിയ ഷോപ്പിംഗ് കോംപ്ലക്സും ഹൈമാസ്റ്റ് ലൈറ്റും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
കാടുകയറി കെട്ടിട അവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട പഴയ വാഹനങ്ങളും, കന്നുകാലികളും ഉൾപ്പെടെയുള്ളവ കൊണ്ട് നിറഞ്ഞ് പ്രദേശവാസികൾക്ക് ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
വർഷങ്ങൾക്ക് മുമ്പ് ജിമ്മി ജോർജ് ഉൾപ്പെടെയുള്ള വോളിബോൾ പ്രതിഭകൾ നിറഞ്ഞാടിയിട്ടുള്ള പരിസരത്തെ ഗ്രൗണ്ടും പഞ്ചായത്തിന്റെ അനാസ്ഥ മൂലം നശിച്ചു കൊണ്ടിരിക്കുകയാണ്.
പ്രദേശത്തെ കുട്ടികളുടെ കളിസ്ഥലം കൂടിയായിരുന്ന ഗ്രൗണ്ടിലൂടെ കാൽനടയാത്ര പോലും സാധ്യമല്ലാതായിരിക്കുകയാണ്.
ഒരു കാലത്ത് വോളിബോൾ, ഷട്ടിൽ, നാടൻ പന്ത് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളുടെ സംസ്ഥാന തല ടൂർണമെന്റു വേദിയായ ഗ്രൗണ്ട് ഇന്ന് ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ നിശ്ചലാവസ്ഥയിലാണ്.
ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് നിരവധി കൈയേറ്റങ്ങളും നടന്നിട്ടുള്ളതായാണ് നാട്ടുകാർ പറയുന്നത്. റെവന്യു അധികൃതരുടെ അധീനതയിലുള്ള സ്ഥലത്താണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്.
ഇതിനു മുകളിലായുള്ള കമ്മ്യൂണിറ്റി ഹാളിലേക്ക് പ്രവേശിക്കുന്നതിനുള്ള സ്ഥലത്ത് മാലിന്യങ്ങൾ കുമിഞ്ഞു കൂടിയ നിലയിലാണ്.
ഷോപ്പിംഗ് കോംപ്ലക്സ് നവീകരിച്ചതിന്റെ പേരിൽ ഉദ്ഘാടന മാമാങ്കം നടത്തിയ പഞ്ചായത്ത് തൊട്ടു മുന്നിലുള്ള ശോചനീയാവസ്ഥ കാണാതെ പോയത് നിരുത്തരവാദിത്വപരമാണെന്നാണ് സമീപവാസികൾ പറയുന്നത്.