കൊച്ചി: കൊച്ചി തുറമുഖത്ത് 5000 വിനോദസഞ്ചാരികൾക്ക് വന്നിറങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടെ നിർമിക്കുന്ന അത്യാധുനിക ക്രൂയിസ് ടെർമിനൽ 2020 ഫെബ്രുവരിയിൽ യാഥാർഥ്യമാകും. എറണാകുളം വാർഫിൽ നിർമിക്കുന്ന പുതിയ ടെർമിനലിന്റെ നിർമാണജോലികൾ ആരംഭിക്കുന്നതിനുള്ള വർക്ക് ഓർഡർ കരാറുകാരായ കൊച്ചിയിലെ കെ.വി.ജോസഫ് ആൻഡ് സണ്‍സിന് നൽകിയതായി കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എ.വി.രമണ പത്രക്കുറിപ്പിൽ അറിയിച്ചു.
25.72 കോടി രൂപ ചെലവിട്ടാണ് പുത്തൻ ടെർമിനൽ നിർമിക്കുന്നത്. ഇതിൽ 21.41 കോടി രൂപ കേന്ദ്ര ടൂറിസം മന്ത്രാലയം പ്രത്യേക ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്. 2253 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പുതിയ ടെർമിനലിൽ പാസഞ്ചർ ലൗഞ്ച്, ക്രൂ ലൗഞ്ച്, 30 എമിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്റ്റംസ് ക്ലിയറൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്റി ചെക്ക്അപ് കൗണ്ടറുകൾ, വൈഫൈ, ടൂറിസ്റ്റ് ഇൻഫർമേഷൻ കൗണ്ടർ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ഏരിയ, കൗതുകവസ്തുക്കൾ വിൽക്കുന്ന ഷോപ്പുകൾ, വൈദ്യസഹായം, പുസ്തകശാലകൾ, മിനി കോണ്‍ഫറൻസ് ഹാൾ, കളിയിടം, ബാങ്കിംഗ്, എടിഎം സർവീസുകൾ, വിദേശ കറൻസി എക്സ്ചേഞ്ച് കൗണ്ടർ, കഫേറ്റീരിയ, ലഗേജ് കൗണ്ടർ, ടോയ്ലറ്റുകൾ, പാർക്കിംഗ് സൗകര്യം, വീൽച്ചെയർ സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കും.
കൊച്ചി തുറമുഖത്തെ ബോട്ട് ട്രെയിൻ പിയർ ബർത്തിനോടും (ബിടിപി) ക്രൂയിസ് പാസഞ്ചർ ഫെസിലിറ്റേഷൻ സെന്ററായ സാമുദ്രികയോടും ചേർന്ന് 260 മീറ്റർ വരെ നീളമുള്ള ക്രൂയിസ് കപ്പലുകൾക്ക് വന്നടുക്കുന്നതിനുള്ള സൗകര്യമാണ് നിലവിലുള്ളത്. എന്നാൽ 260 മീറ്ററിൽ കൂടുതൽ നീളമുള്ള ക്രൂയിസ് കപ്പലുകൾ എറണാകുളം വാർഫിലാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് എറണാകുളം വാർഫിൽ പുതിയ ക്രൂയിസ് ടെർമിനൽ വിഭാവന ചെയ്തത്.
രാജ്യത്തെ സുപ്രധാന ക്രൂയിസ് ടൂറിസം കേന്ദ്രങ്ങളിലൊന്നായി കൊച്ചി തുറമുഖം ഇതിനകം വളർന്നിട്ടുള്ളതായി എ.വി.രമണ ചൂണ്ടിക്കാട്ടി. പ്രതിവർഷം 40 ൽപരം ക്രൂയിസ് കപ്പലുകളാണ് കൊച്ചിയിലെത്തുന്നത്. ആയിരക്കണക്കിന് അന്താരാഷ്ട്ര ടൂറിസ്റ്റുകളാണ് ഇതുവഴി കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ പ്രാദേശിക സന്പദ് വ്യവസ്ഥയുടെ വികസനം ലക്ഷ്യമിട്ട് തുറമുഖ ട്രസ്റ്റ് ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
ക്രൂയിസ് കപ്പലുകൾക്ക് ഒട്ടേറെ ഇളവുകൾ നൽകുന്ന പശ്ചാത്തലത്തിൽ തുറമുഖ ട്രസ്റ്റിന് ഇത്തരം കപ്പലുകൾ വന്നുപോകുന്നതു കൊണ്ട് കാര്യമായ സാന്പത്തിക നേട്ടമില്ലെങ്കിലും അത് പ്രാദേശിക സന്പദ് വ്യവസ്ഥയ്ക്കു നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് ഈ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ക്രൂയിസ് കപ്പലുകളിലെത്തുന്ന ഓരോ സഞ്ചാരിയും ഒരോ ദിവസവും ശരാശരി 400 ഡോളർ വീതം ഇവിടെ ചെലവഴിക്കുന്നതായാണ് കണക്ക്. ഇതുവഴി പ്രാദേശിക സന്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന നേട്ടം ചില്ലറയല്ല. തദ്ദേശീയരായ കച്ചവടക്കാർക്ക് വാർഫിനുള്ളിൽ കിയോസ്കുകളും ചെറിയ കടകളും വളരെ കുറഞ്ഞ നിരക്കിൽ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുറമുഖമേഖലയിൽ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി തുറമുഖ ട്രസ്റ്റിന് കേന്ദ്ര ടൂറിസം മന്ത്രാലയം ഏറെ സഹായങ്ങൾ ചെയ്യുന്നുണ്ട്. സാമുദ്രിക ക്രൂയിസ് പാസഞ്ചർ ഫെസിലിറ്റേഷൻ സെന്ററിന്റെ വികസനത്തിനായി അവർ 4.61 കോടി രൂപ നൽകി.
ബിഒടി പാലത്തിനും വെല്ലിംഗ്ടണ്‍ ഐലന്റിലെ കണ്ണങ്ങാട് പാലത്തിനും ഇടയിലുള്ള 2.1 കിലോമീറ്റർ നീളത്തുള്ള നടപ്പാത വികസനത്തിന് 9.01 കോടി രൂപയും ബിടിപി ബർത്തിന്റെ വികസനത്തിനായി 21.39 കോടി രൂപയും ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. അടുത്തയിടെ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തുറമുഖ ട്രസ്റ്റിന്റെ ആസ്ഥാനത്ത് എത്തിയിരുന്നു.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്രൂയിസ് കപ്പലുകൾക്ക് വന്നടുക്കുന്നതിന് സബ്സിഡിയോടു കൂടിയ നിരക്ക് അടുത്തയിടെ ഏർപ്പെടുത്തുകയുണ്ടായി. അതുപോലെ തന്നെ ഇ വിസയിൽ ക്രൂയിസ് കപ്പലുകളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ബയോമെട്രിക് എൻറോൾമെന്റ് ഒഴിവാക്കി പുറത്തിറങ്ങുന്നതിനുള്ള സൗകര്യവും ചെയ്തു.