കട്ടപ്പന: ഭൂസ്വത്തിനായി ഇളയ മകളും ബന്ധുക്കളുംചേർന്ന് മർദിച്ച് വീട്ടിൽനിന്നും ഇറക്കിവിട്ടതായി പരാതി.
ഉപ്പുതറ വളകോട് വയലിൽപറന്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടി (മറിയാമ്മ -81)യെ ഇളയ മകൾ എൽസമ്മയും എൽസമ്മയുടെ മകളുടെ ഭർത്താവ് റൊണാൾഡും കൂട്ടുകാരും ചേർന്ന് വ്യാഴാഴ്ച വീട്ടിൽനിന്ന് മർദിച്ച് ഇറക്കിവിട്ടതായി മറ്റു രണ്ട് പെണ്മക്കൾ പത്രസമ്മേളനത്തിൽ ആരോ പിച്ചു.
ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മേരിക്കുട്ടിയുടെ പരാതിയിൽ ഉപ്പുതറ പോലീസ് കേസെടുത്തു.
മേരിക്കുട്ടിയുടെയും ഭർത്താവിന്റെയും പേരിലുള്ള 68 സെന്റ് സ്ഥലം കൈക്കലാക്കാനാണ് ക്രൂരത കാട്ടിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
വരുമാനമാർഗമില്ലാതായ മേരിക്കുട്ടി ഇവരുടെ സ്ഥലത്തുണ്ടായിരുന്ന പാഴ്മരം വെട്ടി വിൽക്കാൻ ഒരാളുമായി കച്ചവടം ഉറപ്പിച്ചു.
ഇതറിഞ്ഞ് എൽസമ്മയും എൽസമ്മയുടെ മകളുടെ ഭർത്താവ് റൊണാൾഡ്, സുഹൃത്തുക്കൾ എന്നിവർ രണ്ട് വാഹനങ്ങളിലായി വ്യാഴാഴ്ച വളകോട്ട് എത്തി.
എഴുന്നേൽക്കാൻപോലും വയ്യാതെ കിടന്നിരുന്ന മേരിക്കുട്ടിയെ മർദിച്ച് വീട്ടിൽനിന്ന് ഇറക്കുകയായിരുന്നാണ് പരാതി.
മകളുടെയും ബന്ധുക്കളുടെയും പീഡനത്തിൽനിന്ന് തനിക്ക് രക്ഷ വേണമെന്നും ശേഷിക്കുന്ന കാലം വീട്ടിൽ കഴിയുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നുമാണ് മേരിക്കുട്ടിയുടെ ആവശ്യമെന്ന് മക്കളായ സാലി, ഷേർലി എന്നിവർ അറിയിച്ചു.