സ്വന്തം ലേഖകൻ
തൃശൂർ: മാലിദ്വീപില് അധ്യാപക നിയമനം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിന്റെ കെണിയിൽ കുടുങ്ങി തൊഴിലന്വേഷകർ. രണ്ടര ലക്ഷം രൂപ വീതമാണ് ഓരോ അപേക്ഷകരിൽനിന്നും തട്ടിപ്പുസംഘം കൈക്കലാക്കുന്നത്. കബളിപ്പിക്കലിന് ഇരയായവർ പലരും കണ്ണീരുമായി നാട്ടിൽ തിരിച്ചെത്തി.
മാലിദ്വീപിലെ സർക്കാർ സ്കൂളുകളിൽ 65,000 രൂപയാണു ശന്പളം. മുന്തിയ ശന്പളം വാഗ്ദാനം ചെയ്താണ് തൊഴിലന്വേഷകരെ കണ്ടെത്തുന്നത്. ഇന്റർനെറ്റ് മുഖേന ചില ഏജൻസികളാണ് തട്ടിപ്പിനു പിറകിൽ.
അപേക്ഷാഫീസ്, രജിസ്ട്രേഷൻ ഫീസ്, പ്രോസസിംഗ് ചാർജ്, സർവീസ് ചാർജ് തുടങ്ങിയ പേരുകളിലായി ഘട്ടംഘട്ടമായാണ് തട്ടിപ്പുസംഘം പണം കൈപ്പറ്റുന്നത്. കോഴപ്പണത്തിനു രശീതിയില്ല. എന്നാൽ സർവീസ് ചാർജ് എന്ന പേരിൽ ഇരുപതിനായിരം രൂപയ്ക്ക് ഏജൻസി രശീതി നൽകാറുണ്ട്. രണ്ടര ലക്ഷം രൂപ കൈപ്പറ്റുന്ന മുറയ്ക്കു മാലി സർക്കാരിന്റെ നിയമനോത്തരവു ലഭ്യമാക്കും.
ഉത്തരവുമായി മാലിദ്വീപിൽ എത്തി സ്കൂളിൽ ജോലിക്കു ഹാജരാകാം. എന്നാൽ രണ്ടുമാസം കഴിയുന്പോഴേക്കും നിസാര കാരണങ്ങൾ ആരോപിച്ച് പിരിച്ചുവിടുകയാണ് പതിവ്. പിരിച്ചുവിടലിനൊപ്പം പുതിയ നിയമനങ്ങളും തുടരുകയാണ്. പുതിയ നിയമനങ്ങൾക്കും ഏജൻസികൾ കോഴപ്പണം സ്വന്തമാക്കും.
കേരളത്തിൽനിന്ന് എത്തുന്ന അധ്യാപകർക്കു ഭാഷ അറിയാത്തതാണ് പ്രധാന പ്രശ്നം. സ്വതവേ പഠനത്തിൽ പിറകിലുള്ള വിദ്യാർഥികളെ നിയന്ത്രിക്കാനും പഠനത്തിൽ മികവോടെ നയിക്കാനും അധ്യാപകർക്കു കഴിയുന്നില്ല. അച്ചടക്കം പാലിപ്പിക്കുന്ന കാര്യത്തിലും അധ്യാപകർ വിജയിക്കുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധ്യാപകരെ പിരിച്ചുവിടുന്നത്.
മാലിദ്വീപിലെ നിയമമനുസരിച്ച് മൂന്നുമാസത്തെ അധ്യാപനം വിജയകരമായി പൂർത്തിയാക്കിയാൽ പിരിച്ചുവിടാനാവില്ല. കേരളത്തിൽനിന്നു ധാരാളം അധ്യാപകർ എത്തുന്നതിനാൽ രണ്ടു മാസത്തിനകം കഴിവു തെളിയിക്കാത്തവരെ പിരിച്ചുവിടാൻ സ്കൂൾ മേലധികാരികൾ തിടുക്കം കാണിക്കുകയാണ്.
ഇടനിലക്കാർ കോഴപ്പണം കൈപ്പറ്റിയാണു കേരളത്തിൽനിന്ന് അധ്യാപകരെ എത്തിക്കുന്നതെന്നു മാലിദ്വീപിലെ വിദ്യാഭ്യാസ വകുപ്പിന് അറിയില്ല. യഥേഷ്ടം അധ്യാപകരെ കേരളത്തിൽനിന്നു ലഭിക്കുമെന്ന വിശ്വാസത്തിലാണ് അവർ.
നാട്ടിൽ സ്വകാര്യ വിദ്യാലയങ്ങളിലെ താത്കാലിക ജോലി ഉപേക്ഷിച്ചു പണംമുടക്കി മാലിദ്വീപിലെത്തിയവരും തട്ടിപ്പിന് ഇരയായവരിൽ ധാരാളം.
പിരിച്ചുവിട്ടതുകൊണ്ട് ആരും വിവരം പുറത്തുപറയാനോ പരാതിപ്പെടാനോ മുതിരുന്നില്ല. റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കു സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ കേരളത്തിലെ തൊഴിലന്വേഷകർക്കു തട്ടിപ്പുകെണിയിൽനിന്നു കരകയറാനാകില്ലെന്ന് ഇരയായവർ പറയുന്നു.