ചാത്തന്നൂർ: ഭർത്താവും ഭർത്തൃവീട്ടുകാരും പീഡിപ്പിച്ചെന്നു കാട്ടി പരാതി നല്കി ഒരു മാസം പിന്നിട്ടിട്ടും പരവൂർ പോലിസ് നടപടി എടുക്കാത്തതിൽ മനംനൊന്ത യുവതി പോലീസ് സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
പരവൂർ കുറുമണ്ടൽ ചരുവിള വീട്ടിൽ ഷാജഹാൻ – സിമി ദമ്പതികളുടെ ഇരുപത്തിരണ്ടുകാരിയായ മകൾ ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നാല് വർഷം മുൻപാണ് ഷംനയെ കോട്ടപ്പുറം സ്വദേശിയായ അനൂപ് വിവാഹം ചെയ്തത്.
വിവാഹം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞപ്പോൾ മുതൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു എന്ന് യുവതി പറയുന്നു.
ഇതിനെതിരേ കുടുംബകോടതിയിൽ കേസ് നടന്നു വരവേ മധ്യസ്ഥ ചർച്ചയിൽ ഇവർ വീണ്ടും ഒരുമിച്ചു.
വീണ്ടും പീഡനം തുടർന്ന സാഹചര്യത്തിൽ നവംമ്പർ14- ന് പരവൂർ പോലീസിൽ പരാതി നല്കി.
അനൂപിനും ഇയാളുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കും എതിരേയാണ് ഷംന പരാതി നല്കിയത്.
എന്നാൽ അവർക്കെതിരേ കേസ് എടുക്കാതെ പരാതിക്കാരിയായ ഷംനക്കെതിരേ എതിർകക്ഷികൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും താൻ നല്കിയ പരാതി പിൻവലിച്ചില്ലായെങ്കിൽ തനിക്കെതിരേ ഭർതൃ വീട്ടുകാരെ പീഡിപ്പിച്ചെന്നു കാട്ടി കേസെടുക്കുമെന്നും പരവൂർ പോലീസ് പറഞ്ഞതായി ഷംന ആരോപിക്കുന്നു.
ഇതിനെതിരേ ചാത്തന്നൂർ എസിപിക്കു പരാതി നല്കിയെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ലായെന്നും അവർ പറഞ്ഞു.
പിന്നീട് ജില്ലാ പോലീസ് മേധാവി, ഡിജിപി, മുഖ്യമന്ത്രി എന്നിവർക്കെല്ലാം പരാതി നല്കിയെങ്കിലും നടപടിയായില്ല.
ഇന്ന് വീണ്ടും താൻ നല്കിയ പരാതിയെ കുറിച്ച് അന്വേഷിക്കാനെത്തിയ ഷംനയോട് പരവൂർ സിഐ പരിഹസിക്കുന്ന തരത്തിൽ സംസാരിച്ചെന്നും അതിൽ മനം നൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഷംന പറയുന്നു.
ഷംനയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മികച്ച ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.