മൂവാറ്റുപുഴ: മാതാപിതാക്കൾക്കു പരിഗണന നൽകാതെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ച മകനോട് വസ്തുക്കൾ പിതാവിന് തിരിച്ചെഴുതി നൽകാൻ താലൂക്കുതല അദാലത്തിൽ മെയിന്റനൻസ് ട്രൈബ്യൂണൽ വിധി.
മാതാപിതാക്കളെ വേണ്ടവിധം സംരക്ഷിക്കതെ കഷ്ടപ്പെടുത്തിയതിന് മക്കളോട് നിശ്ചിതതുക മാതാപിതാക്കൾക്കു ജീവിതച്ചെലവിന് നൽകാനും ഉത്തരവിട്ടു.
വസ്തു എഴുതി വാങ്ങിയശേഷം മക്കളും ബന്ധുക്കളും സംരക്ഷിക്കുന്നില്ലെന്ന് പരാതിപ്പെട്ട കല്യാണി, ഉഷ, മറിയാമ്മ എന്നീ വയോധികരെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വയോജന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിക്കാനും ഉത്തരവ് നൽകി.
ആകെയുള്ള 40 പരാതിയിൽ 25 എണ്ണം പരിഹരിച്ചു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് പ്രാദേശികാടിസ്ഥാനത്തിൽ പരാതി പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചത്.
ആർഡിഒ പി.എൻ. അനി, ജൂണിയർ സൂപ്രണ്ട് കെ.എം. അനിൽകുമാർ, സെക്ഷൻ ക്ലർക്ക് കെ.ആർ. ബിബിഷ്, ടെക്നിക്കൽ അസിസ്റ്റന്റ് എസ്. അനു, കണ്‍സിലിയേഷൻ ഓഫീസർമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. കോതമംഗലം താലൂക്കിൽ 28ന് അദാലത്ത് നടത്തും.