നെടുങ്കണ്ടം: അമ്മയുടെ മൃതദേഹത്തിനുസമീപം മകൾക്ക് ചെലവഴിക്കാൻ അനുവദിച്ചത് 20 മിനിറ്റ്. അന്ത്യചുംബനംവരെ ഒഴിവാക്കി. തഞ്ചാവൂരിൽനിന്നും അമ്മയുടെ മരണവാർത്ത അറിഞ്ഞെത്തിയ തമിഴ്നാട് സ്വദേശിനിക്കാണ് ലോക്ക് ഡൗണിൽ 20 മിനിറ്റ് സമയം അനുവദിച്ചത്.
ഇന്നലെ കന്പംമെട്ട് ചെക്ക് പോസ്റ്റിൽ എത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയും ഭർത്താവും മക്കളുമാണ് അമ്മയെ ഒരുനോക്ക് കാണാൻ അധികൃതരുടെ പക്കൽ യാചിച്ചത്. ഒടുവിൽ കരുണാപുരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കന്പംമെട്ട് പോലീസും അമ്മയെ കാണാൻ കർശനമായ ഉപാധികളോടെ 20 മിനിറ്റ് അനുവദിച്ചു.
ഒരു മണിക്കൂറോളം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്നവരും പ്രദേശത്തെ നിയന്ത്രണങ്ങളും നിരോധനാജ്ഞയും യുവതിയേയും കുടുംബത്തെയും മനസിലാക്കാൻ ശ്രമിച്ചു. എന്നാൽ യുവതിയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല.
തുടർന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അമ്മയെ കാണാൻ 20 മിനിറ്റ് അനുവദിച്ചത്. ഇതിനായി ആരോഗ്യ വകുപ്പ് ഇവർ എത്തിയ വാഹനത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.
വാഹനം കന്പംമെട്ടിൽനിന്ന് അതിർത്തി കടക്കുന്നതിനുമുന്പേ അണുവിമുക്തമാക്കി. യുവതിക്കും കുടുംബാഗങ്ങൾക്കും മാസ്കും കൈയുറകളും സാനിറ്റൈസറും നൽകി.
കോവിഡ് 19 മാർഗ നിർദേശങ്ങൾ പാലിച്ച് മൂന്നുപേരെയും തൂക്കുപാലത്തിനു സമീപത്തെ മരണവീട്ടിൽ എത്തിച്ചു. 20 മിനിറ്റ് പൂർത്തിയായതോടെ മൂന്നുപേരെയും അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിരികെ അതിർത്തി ചെക്ക് പോസ്റ്റ് കടത്തിവിട്ടു.
ഇവർ സഞ്ചരിച്ച വാഹനം വീണ്ടും അണുവിമുക്തവുമാക്കി. വാർധക്യസഹജമായ അസുഖങ്ങളെതുടർന്നാണ് യുവതിയുടെ മാതാവ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്.